കണ്ണൂരില്‍ സിപിഐ ഓഫീസ് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: കോള്‍മൊട്ടയില്‍ സിപിഐ ഓഫീസ് അടിച്ചു തകര്‍ത്തു. പാര്‍ട്ടിയുടെ ആന്തൂര്‍ ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ.വി.മൂസാന്‍കുട്ടി മാസ്റ്റര്‍ സ്മാരക മന്ദിരത്തിന് നേര്‍ക്കാണ് ഇന്നലെ രാത്രിയില്‍ അക്രമം നടന്നത്. കെട്ടിടത്തിന്റെ എട്ട് ജനല്‍ പാളികളിലെ ചില്ലുകള്‍ മുൂഴുവന്‍അടിച്ചു തകര്‍ത്ത അക്രമിസംഘം വാതിലില്‍ മഴുകൊണ്ട് വെട്ടിപൊളിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
വാതിലിന്റെ സാക്ഷ വെട്ടുകൊണ്ട് പൊളിഞ്ഞിട്ടുണ്ട്. 2007 ല്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ഉദ്ഘാടനം ചെയ്തതാണ് സ്മാരക മന്ദിരം. മൂസാന്‍കുട്ടി മാസ്റ്ററുടെ തറവാട് വീട്ടിന് മുന്നില്‍ പറശിനിക്കടവ് റോഡിന് അഭിമുഖമായിട്ടാണ് ബന്ധുക്കള്‍ വിട്ടുനല്‍കിയ സ്ഥലത്ത് സ്മാരക മന്ദിരം നിര്‍മ്മിച്ചത്.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെയാണ് ഓഫീസ് തകര്‍ത്തതായി കണ്ട് സമീപവാസികള്‍ മൂസാന്‍കുട്ടി മാസ്റ്ററുടെ മകനും ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുമായ പി.കെ.മുജീബ്റഹ്മാനെ വിവരമറിയിച്ചത്. അദ്ദേഹം സ്ഥലത്തെത്തിയാണ് വിവരം പാര്‍ട്ടിയുടെ ഉന്നത നേതാക്കളേയും പോലീസിനേയും അറിയിച്ചത്.
കഴിഞ്ഞ മാസം 27 ന് മൂസാന്‍കുട്ടി മാസ്റ്ററുടെ 25-ാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ആചരിച്ചിരുന്നു. ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിനെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ സിപിഐ പ്രവര്‍ത്തകരെ തന്നെ ഞെട്ടിച്ചുകൊണ്ട് വന്‍ ജനക്കൂട്ടമാണ് പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത്. മൂസാന്‍കുട്ടി മാസ്റ്ററെപോലുള്ള സര്‍വാദരണീയനായ വ്യക്തിയുടെ പേരിലുള്ള സ്മാരകമന്ദിരം അടിച്ചുതകര്‍ത്തത് നാട്ടുകാര്‍ക്കിടയില്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് സിപിഎം തളിപ്പറമ്ബ് ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍ രാവിലെ തന്നെ സ്ഥലം സന്ദര്‍ശിച്ചു. സിപി ഐ തളിപ്പറമ്ബ് മണ്ഡലം സെക്രട്ടറി വി.വി.കണ്ണന്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍ എന്നിവരും സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപി ഐയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് കോള്‍മൊട്ടയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. സിപിഐയുടെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.
മൂസാന്‍കുട്ടി മാസ്റ്റര്‍ സ്മാരകമന്ദിരത്തിന് നേരെ നടന്ന അക്രമസംഭവത്തില്‍ സിപി ഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി ഉടന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തളിപ്പറമ്ബ് മണ്ഡലം കമ്മറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. തളിപ്പറമ്ബ് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

Top