കൊടികുത്തിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ?

മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച്‌ പറയുമ്ബോള്‍, നിലമ്ബൂരിലെ തേക്കും ആഢ്യന്‍പാറ വെള്ളച്ചാട്ടവും കഴിഞ്ഞാല്‍ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്ബൂരില്‍ ഒതുങ്ങുന്നതല്ല മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
ഒരു പക്ഷെ നിങ്ങള്‍ ആ സ്ഥലത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവും. കൊടികുത്തിമല എന്നാണ് ആ സ്ഥലത്തിന്റെ പേര്. കൊടികുത്തിമലയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ?
പെരിന്തല്‍മണ്ണയില്‍ പോകാം
കൊടികുത്തിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പോകേണ്ടത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലേക്കാണ്.

കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് എത്തിച്ചേരാം. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവടങ്ങളില്‍ നിന്നൊക്കെ പെരിന്തല്‍മണ്ണയിലേക്ക് ബസുകള്‍ ലഭ്യമാണ്. പെരിന്തല്‍മണ്ണയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.
തേലക്കാട്ടേക്ക്
പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിലേക്ക് പോകുക. കാര്യവട്ടം എന്ന സ്ഥലത്ത് എത്തിയാല്‍ വെട്ടത്തൂര്‍ റോഡിലേക്ക് തിരിയുക മൊത്തം ഒരു ആറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നമ്മള്‍ തേലക്കാട് എന്ന സ്ഥലത്ത് എത്തിച്ചേരും. തേലക്കാട്ട് നിന്ന് വീണ്ടും ഒരു ആറു കിലോമീറ്റര്‍ യാത്രയുണ്ട്.
പോബ്സണ്‍ എസ്റ്റേറ്റ്
തേലക്കാട്ടേ പോബ്സണ്‍ എസ്റ്റേറ്റിലൂടെ ആറു കിലോമീറ്റര്‍ മലകയറിയാല്‍ നമ്മള്‍ കൊടികുത്തിമലയില്‍ എത്തിച്ചേരും. സമുദ്ര നിരപ്പില്‍ നിന്ന് 522 കിലോമീറ്റര്‍ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പുല്‍മേടാണ് കൊടികുത്തി മലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇവിടുത്തെ പുല്ലുകള്‍. വനംവകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം.

പ്രകൃതിഭംഗി ആസ്വദിക്കാന്‍ 1998ല്‍ കൊടികുത്തി മലയില്‍ ഒരു ഗോപുരം പണിതിട്ടുണ്ട്. ഇവിടെ കയറി നോക്കിയാല്‍ താഴ്വാരത്തെ പ്രകൃതി രമണീയമായ കാഴ്ചകള്‍ കാണാം. കുന്തിപ്പുഴയുടെ വിദൂരദൃശ്യവും ഇവിടെ നിന്ന് കാണാനാവും.
ഓഫ് റോഡിംഗ്
ഓഫ് റോഡ് ഡ്രൈവിംഗിന് താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് കൊടികുത്തിമല. കരിങ്കല്ലത്താണി റോഡില്‍ നിന്ന് മാട്ടറക്കലിലൂടെ ബൈക്കിലോ ജീപ്പിലോ ഇവിടേയ്ക്ക് എത്തിച്ചേരാം.

Top