നെയ്മര്‍ മികവില്‍ അഞ്ചടിച്ച്‌ ബ്രസീല്‍; സമനില വഴങ്ങി അര്‍ജന്റീന

റിയോ• ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ ബ്രസീലിനും യുറഗ്വായ്ക്കും തകര്‍പ്പന്‍ ജയം. അര്‍ജന്റീനയെ പെറു സമനിലയില്‍ തളച്ചപ്പോള്‍ കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലെയെ ഇക്വഡോര്‍ അട്ടിമറിച്ചു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറ്റലി-സ്പെയിന്‍ മല്‍സരം സമനിലയിലായി.
ഏറെക്കാലത്തിനുശേഷം പേരിനൊത്ത പ്രകടനം പുറത്തെടുത്ത ബ്രസീല്‍, എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബൊളീവിയയെ തകര്‍ത്തുവിട്ടത്. ഒരു ഗോള്‍ നേടുകയും മറ്റ് രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് ബ്രസീല്‍ വിജയത്തിന്റെ ശില്‍പി. മല്‍സരത്തിന് 11 മിനിറ്റ് പ്രായമുള്ളപ്പോള്‍ ഗോള്‍വര്‍ഷത്തിന് തുടക്കമിട്ടതും നെയ്മര്‍ തന്നെ‍.

ഇതുള്‍പ്പെടെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ വീണു. കൂട്ടിഞ്ഞോ (26), ഫിലിപ് ലൂയിസ് (39), ഗബ്രിയേല്‍ ജീസസ് (44) എന്നിവരായിരുന്നു മറ്റ് സ്കോറര്‍മാര്‍. 75-ാം മിനിറ്റില്‍ സുന്ദരമായൊരു ഹെഡര്‍ ഗോളിലൂടെ റോബര്‍ട്ടോ ഫെര്‍മീഞ്ഞോ പട്ടിക പൂര്‍ത്തിയാക്കി. 69-ാം മിനിറ്റില്‍ ബൊളീവിയന്‍ താരത്തിന്റെ കൈമുട്ട് പ്രയോഗത്തില്‍ പരുക്കു പറ്റിയ നെയ്മര്‍ പുറത്തുപോയി.
പെറുവിനെതിരായ മല്‍സരത്തില്‍ അവസാന നിമിഷം വരെ 2-1ന് മുന്നിട്ടുനിന്ന അര്‍ജന്റീനയ്ക്ക് 83-ാം മിനിറ്റില്‍ വഴങ്ങിയ പെനല്‍റ്റിയാണ് വിനയായത്. ജോസ് റാമിറോയും ഹിഗ്വെയ്നും അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ വെനസ്വേലയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത യുറഗ്വായ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിെല ഒന്നാം സ്ഥാനം നിലനിര്‍ത്തി. എഡിസണ്‍ കവാനി ഇരട്ടഗോള്‍ നേടി. കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലെയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ഇക്വഡോറിനെതിരായ 3-0ന്റെ തോല്‍വി. പകരക്കാരനായി ഇറങ്ങിയ കാര്‍ഡോണയുടെ ഇന്‍ജുറി ടൈമിലെ ഗോളില്‍ പാരഗ്വായ്ക്കെതിരെ കൊളംബിയ കഷ്ടിച്ച്‌ കടന്നുകൂടി.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ മുന്‍ലോകചാംപ്യന്‍മാരായ ഇറ്റലിയുടേയും സ്പെയിനിന്റേയും പോരാട്ടം ഓരോ ഗോളടിച്ച്‌ സമനിലയില്‍ അവസാനിച്ചു. യുക്രെയന്‍ – തുര്‍ക്കി മല്‍സരം 2-2ന് സമനിലയില്‍ കലാശിച്ചപ്പോള്‍ ദുര്‍ബലരായ കൊസോവോയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യ മുക്കി.

Top