പ്രതിരോധ, വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രാനുമതി

ദില്ലി: പ്രതിരോധ, വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രാനുമതി. രാജ്യത്തിന്റെ ഇതുവരെയുള്ള വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയാണ് പുതിയ അനുമതി. 49 ശതമാനമാണ് രാജ്യത്തിന്റെ പരമ പ്രധാനമായ ഈ മേഖലകളില്‍ നിലവില്‍ അനുദിച്ചിട്ടുള്ള വിദേശ നിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

പ്രതിരോധം, വ്യോമായനം, ഇ കൊമേഴ്‌സ്, ബ്രോഡ്കാസ്റ്റിംഗ് എന്നീ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ ഉദാരവത്ക്കരണ നയങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സൂചനയാണ് ലഭ്യമാകുന്നത്. ചെറുകിട വ്യവസായത്തിലും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ നിക്ഷേപത്തിലും 74 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഫാര്‍മസി മേഖലയിലെ നിക്ഷേപത്തിന് നൂറു ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്.

വിദേശ നിക്ഷേപ വരുമാനം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന 40 ബില്ല്യണ്‍ ഡോളറിലെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയത്. ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ കാലാവധിക്കു ശേഷം തല്‍സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് രാജ്യത്തിന്റെ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിക്കൊണ്ടുള്ള ഉന്നത തല സമിതിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. നേരത്തെ നിക്ഷേപ പദ്ധതികളില്‍ രഘുറാം രാജന്‍ സ്വീകരിച്ച് നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയിരുന്നത്.

എന്നാല്‍ ഫാര്‍മസി, പ്രതിരോധം എന്നീ മേഖലകളിലെ വിദേശ ഇടപെടലുകള്‍ ആശങ്കയോടെയാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നതും.

Top