‘പ്രബന്ധം കോപ്പിയടി തന്നെ’: കേരള സര്‍വകലാശാലാ പിവിസിയുടെ പിഎച്ച്ഡി റദ്ദ് ചെയ്‌തേക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍ വീരമണികണ്ഠന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന ഉപസമിതി റിപ്പോര്‍ട്ട് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തലത്തില്‍ അംഗീകരിച്ചു. സിന്‍ഡിക്കേറ്റിലെ മുഴുവന്‍ അംഗങ്ങളും വിഷയം പഠിക്കാത്തതിനാല്‍ റിപ്പോര്‍ട്ട് സെനറ്റിന് വിടുന്നത് അടുത്ത യോഗത്തിന് ശേഷമായിരിക്കും.

സെനറ്റ് കമ്മറ്റിയാണ് പിഎച്ച്ഡി റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുളള തീരുമാനങ്ങള്‍ കൈക്കൊളളുക. പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ശേഷമുളള ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇരുനൂറോളം അജണ്ടകളാണ് ചര്‍ച്ചയ്ക്ക് വന്നത്. ഡോ. എന്‍ വീരമണികണ്ഠന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന ഉപസമിതി റിപ്പോര്‍ട്ട് അവസാനമാണ് ചര്‍ച്ചക്ക് വന്നത്. പ്രബന്ധം കോപ്പിയടിച്ചതാണെന്ന് മുഴുവന്‍ അംഗങ്ങളും വിലയിരുത്തി. സിന്‍ഡിക്കേറ്റിലെ പുതിയ ആറ് അംഗങ്ങള്‍ വിഷയം പഠിച്ചിട്ടില്ലാത്തതിനാലാണ് റിപ്പോര്‍ട്ട് സെനറ്റിന് കൈമാറുന്നത് അടുത്ത സിന്‍ഡിക്കേറ്റിലേക്ക് മാറ്റിയത്.

സെനറ്റ് ചേര്‍ന്നാണ് പ്രബന്ധം കോപ്പിയടിയാണെങ്കില്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുളള തീരുമാനങ്ങള്‍ കൈക്കൊളളുക.
താന്‍ കോപ്പിയടിച്ചിട്ടില്ലെന്നും ഗവേഷണ പ്രബന്ധത്തില്‍ സാധാരണ നിലയില്‍ റഫറന്‍സുകളും ഉദ്ധരിക്കലുകളും ചേര്‍ക്കുന്നതുപോലെ മാത്രമെ അവ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നാണ് വീരമണികണ്ഠന്റെ വിശദീകരണം.
വീരമണികണ്ഠന്റെ പ്രബന്ധം കോപ്പിയടിയാണെന്ന് കാണിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറും കെപിസിസി സെക്രട്ടറിയുമായ ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്.

Top