മദ്യനയം: മുന്നോട്ട് വെച്ച കാല്‍ പിന്നാക്കം വെക്കാതെ മാറ്റം ആകാം –മുഖ്യമന്ത്രി

മലപ്പുറം: മദ്യനയത്തിന്‍െറ കാര്യത്തില്‍ ഇഞ്ചുപോലും സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യലഭ്യത കുറച്ചും ബോധവത്കരണം ശക്തിപ്പെടുത്തിയും വീര്യംകൂടിയ മദ്യത്തിന്‍െറ അളവ് കുറച്ചും മദ്യവില്‍പന കേന്ദ്രങ്ങള്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വെട്ടിക്കുറച്ചും മുന്നോട്ടുപോവുക എന്നതാണ് യു.ഡി.എഫ് നയം. മലപ്പുറം പ്രസ്ക്ളബിന്‍െറ ‘നേതൃശബ്ദം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ആ പദവി നല്‍കുന്നത് കേന്ദ്രസര്‍ക്കാറാണ്. ഇത്തരം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുക എന്നത് നേരത്തെയെടുത്ത തീരുമാനമാണ്. മദ്യനയത്തെക്കുറിച്ച് ഇടതുമുന്നണിക്ക് ആശയക്കുഴപ്പമാണ്. മദ്യവര്‍ജനമെന്നത് നയമല്ല. സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്ന എല്‍.ഡി.എഫ് നിയമസഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചക്കുപോലും തയാറായില്ല. സോളാര്‍ കേസില്‍ അന്വേഷണത്തില്‍ കക്ഷിചേരാനും തയാറായില്ല.
കേരളം നേരിട്ട ഒരു പ്രശ്നത്തിലും ഒഴിഞ്ഞുമാറാന്‍ യു.ഡി.എഫ് ശ്രമിച്ചിട്ടില്ല. വിദേശത്തുള്ള മലയാളികളുടെ പ്രശ്നങ്ങളിലടക്കം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് പരിഹാരം കണ്ടത്. റബറിന് വിലയിടിഞ്ഞപ്പോള്‍ 300 കോടി രൂപ സബ്സിഡി നല്‍കാന്‍ തയാറായി. യു.ഡി.എഫ് 140 സീറ്റിലും ഒൗദ്യോഗിക സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്. എന്നാല്‍, ഇടതുപക്ഷം പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെയാണ് പലയിടത്തും സ്വതന്ത്രന്മാരായി ഇറക്കിയത്. ദേശീയതലത്തില്‍ ബി.ജെ.പി വിഭാഗീയ രാഷ്ട്രീയമാണ് വളര്‍ത്തുന്നത്. മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്നു. അക്രമവും വെട്ടിനിരത്തലുമാണ് സി.പി.എമ്മിന്‍െറ രീതി. അതുകൊണ്ടാണ് ഭരണം കിട്ടിയാല്‍ എല്ലാം ശരിയാകുമെന്ന് പറയുന്നത്. മദ്യനയത്തെ വിമര്‍ശിച്ച പുറത്തുപോയ കോണ്‍ഗ്രസുകാരനാണ് ചവറയില്‍ ഇടത് സ്ഥാനാര്‍ഥി. ഒരിഞ്ച് ഭൂമി പോലും ദാനം നല്‍കിയിട്ടില്ല. ഭൂപരിഷ്കരണ നിയമത്തില്‍ ഇളവാണ് നല്‍കിയത്. യു.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടാകും. മുഖ്യമന്ത്രിയെ എം.എല്‍.എമാരും ഹൈക്കമാന്‍ഡും തീരുമാനിക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ളെന്നും അപൂര്‍വ സന്ദര്‍ശനമല്ളെന്നും അദ്ദേഹം പറഞ്ഞു.

Top