മീശ പിരിക്കാനാവാതെ ധവാന്‍

മീശ പിരിക്കാനാവാതെ ധവാന്‍

Share this news

ഹൈദരാബാദ്: ശിഖര്‍ ധവാന്‍ മീശ പിരിച്ചിട്ട് നാളുകള്‍ കുറച്ചായി. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം സവിശേഷമായ ധവാന്‍സ്റ്റൈലില്‍ ബാറ്റ് നിലത്തിട്ട് രണ്ടു കൈയും ഉയര്‍ത്തി ആവേശഭരിതനായി കാണികളെ അഭിവാദ്യം ചെയ്യുന്ന ആ ധവാന്‍ ഇപ്പോള്‍ ഇല്ല. അതിവേഗത്തില്‍ റണ്ണുകള്‍ പിടഞ്ഞെണീറ്റ ആ ബാറ്റില്‍നിന്ന് കഷ്ടപ്പെട്ടു മാത്രമാണ് ഇപ്പോള്‍ സിംഗ്ളുകള്‍ പോലും പിറക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസസ് ഹൈദരാബാദിന്‍െറ ഇന്നിങ്സ് ഓപണ്‍ ചെയ്ത ധവാന്‍െറ സ്ഥിതി അത്യന്തം ദയനീയമായിരുന്നു. ടിം സൗത്തിയുടെ അതിവേഗ പന്തുകളില്‍ തപ്പിത്തടഞ്ഞ ധവാന്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് നേരിട്ട നാലാം പന്തില്‍ കുറ്റി തെറിച്ച് കരക്ക് കയറി. അതിനിടയില്‍ പന്തിന്‍െറ ലൈന്‍ പിഴച്ച് ശക്തമായ ലെഗ് ബിഫോര്‍ അപ്പീലും അതിജീവിച്ചു.

ഈ ഐ.പി.എല്ലില്‍ ഇതുവരെ മൂന്നു കളികളില്‍നിന്ന് ധവാന്‍െറ സംഭാവന 16 റണ്‍സാണ്. ഉയര്‍ന്ന സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എടുത്ത ആറ് റണ്‍സ്. ഓരോ തവണയും ഫോമിന്‍െറ നിഴല്‍പോലുമില്ലാതെ ധവാന്‍ തപ്പിത്തടയുന്നു. കൊല്‍ക്കത്തക്കെതിരെ ആറ് റണ്‍സെടുക്കാന്‍ നേരിട്ടത് 16 പന്ത്. ഏകദിനത്തിലോ ടെസ്റ്റിലോ പോലും 16 പന്തില്‍ ഇതിലുമേറെ റണ്‍ സ്കോര്‍ ചെയ്യുമ്പോഴാണ് ബാറ്റെടുത്തവരൊക്കെ വെളിച്ചപ്പാടു കണക്കെ ഉറഞ്ഞുതുള്ളുന്ന ട്വന്‍റി20യില്‍ ധവാന്‍ മുട്ടിലിഴയുന്നത്.

ഐ.പി.എല്ലില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ നടന്ന ട്വന്‍റി20 ലോക കപ്പില്‍ ധവാന്‍െറ പ്രകടനം അതിദയനീയമായിരുന്നു. നാല് കളികളില്‍നിന്ന് സ്കോര്‍ ചെയ്തത് വെറും 53 റണ്‍സ്. ബംഗ്ളാദേശിനെതിരെ ബംഗളൂരുവില്‍ 22 പന്തില്‍ എടുത്ത 23റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ആവര്‍ത്തിച്ച് പരാജയപ്പെട്ടിട്ടും ഓപണിങ്ങില്‍ ധവാനെ പരീക്ഷിച്ചുകൊണ്ടേയിരുന്ന ധോണി വിന്‍ഡീസിനെതിരായ സെമി ഫൈനലില്‍ കരക്കിരുത്തി. പകരമിറങ്ങിയ അജിന്‍ക്യ രഹാനെ ധവാനെക്കാള്‍ മെച്ചമായിരുന്നു. 35 പന്തില്‍ 40 റണ്‍സാണ് രഹാനെ എടുത്തത്. ലോകകപ്പിന്‍െറ പൊടിയടങ്ങുന്നതിന് മുമ്പ് ആരംഭിച്ച ഐ.പി.എല്ലില്‍ പഴയ പ്രതാപത്തിലേക്ക് മടങ്ങിയത്തെുമെന്ന് കരുതിയെങ്കിലും ധവാന്‍െറ ബാറ്റ് റണ്‍ വരള്‍ച്ച തന്നെ നേരിടുന്നു. കഴിഞ്ഞ ജനുവരി 20ന് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഓവലിലാണ് ധവാന്‍ അവസാനമായി സെഞ്ച്വറി അടിച്ചത്. ഇന്ത്യ ജയിച്ച അഞ്ചാമത്തെ ഏകദിനത്തില്‍ 78 റണ്‍സും ധവാന്‍ നേടിയിരുന്നു.  ധാക്കയില്‍ ഏഷ്യാ കപ്പ് ഫൈനലില്‍ 40 പന്തില്‍ നേടിയ 60 റണ്‍സാണ് ധവാന്‍െറ ഏറ്റവും ഒടുവിലത്തെ മികച്ച പ്രകടനം. അന്ന് മാന്‍ ഓഫ് ദ മാച്ചായ ധവാന് പിന്നെ തുടരെ ഫോം നഷ്ടമാകുന്നതാണ് കാണുന്നത്.

ഫുട്വര്‍ക്കിലെ വേഗക്കുറവാണ് ധവാന്‍െറ പ്രശ്നമെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ പറയുന്നു. ഏകദിനത്തില്‍ ഒമ്പത് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും നേടിയ ഈ 30കാരന്‍ 19 ടെസ്റ്റുകളിലെ 33 ഇന്നിങ്സുകളില്‍നിന്ന് നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 187 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.

ഇനിയുള്ള മത്സരങ്ങള്‍ ഏറ്റവും നിര്‍ണായകമാകുന്നത് ധവാന് തന്നെയാണ്. ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും ഫോമിലേക്കുയര്‍ന്നില്ളെങ്കില്‍ ഇന്ത്യന്‍ ടീമിന്‍െറ ഓപണര്‍ സ്ഥാനമാകും നഷ്ടമാകുക. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ക്യാപ്റ്റനും മുന്‍ ഓപണറുമായ ഗൗതം ഗംഭീര്‍ ഉജ്ജ്വല ഫോമിലുമാണ്. വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര്‍ വഴിതേടുമ്പോള്‍ ടീമിന് ബാധ്യതയാകുന്ന ധവാന് പുറത്തേക്ക് വഴി തെളിയാനുമിടയുണ്ട്.

Facebook Comments
Share this news

Leave a Comment

Your email address will not be published. Required fields are marked *

*