മൈക്രോഫിനാന്‍സ് അഴിമതിയില്‍ എസ്‌എന്‍ഡിപി നേതാവിനെ കാത്തിരിക്കുന്നത് കൈവിലങ്ങെന്ന് റിപ്പോര്‍ട്ട്;

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിനു പുറമെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണ ആവശ്യം ശക്തമായതോടെ നില്‍ക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി പിണറായിയുടെ ദയവുപ്രതീക്ഷിച്ച്‌ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങള്‍ പാഴാകുന്നു. പിണറായിയെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ വിഎസിനെ ചീത്തവിളിച്ചും പിണറായിയെ പുകഴ്ത്തിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ വെള്ളാപ്പള്ളി നടത്തിവന്ന നീക്കങ്ങള്‍ ഫലംകണ്ടില്ല. മൈക്രോഫിനാന്‍സ് തട്ടിപ്പിനുപുറമെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണക്കേസിലും തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. ഇതിനു പുറമെ ബിഡിജെഎസ് രൂപീകരണത്തിലൂടെ എസ്‌എന്‍ഡിപി യോഗത്തെ ബിജെപിയുടെ നുകത്തില്‍ കൂട്ടിക്കെട്ടിയതില്‍ അതൃപ്തിയുള്ള വലിയൊരു വിഭാഗത്തിന്റെയും നേരത്തേതന്നെ വെള്ളാപ്പള്ളി വിരുദ്ധ പക്ഷത്തുള്ള ശ്രീനാരായണീയരുടേയും സഹകരണത്തോടെ യോഗം ഭരണത്തില്‍നിന്ന് വെള്ളാപ്പള്ളിയെ തൂത്തെറിയാനും സിപിഐ(എം) നീക്കങ്ങള്‍ സജീവമാക്കുകയാണ്.
അതേസമയം, ഇതിനെ സമൂദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാന്‍ വെള്ളാപ്പള്ളിയും ഒരുങ്ങുന്നതായാണ് വിവരം. വെള്ളാപ്പള്ളി ബിജെപി പാളയത്തിലെത്തിയതോടെ സിപിഐ(എം) ഗുരുദേവനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്ബ് സിപിഐ(എം) നടത്തിയ ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശില്‍ തറച്ചതായി ചിത്രീകരിക്കപ്പെട്ട നിശ്ചലദൃശ്യം സിപിഎമ്മിനെതിരെ അണികളെ ഇളക്കിവിടാന്‍ ശക്തമായ ആയുധമായി വെള്ളാപ്പള്ളി ഉപയോഗിച്ചിരുന്നു. ഇതുപോലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ അണികളില്‍ വികാരമുണ്ടാക്കാനും സര്‍ക്കാരിനെതിരെ നീങ്ങാനുമാണ് വെള്ളാപ്പള്ളിയുടെയും യോഗം നേതൃത്വത്തിന്റെയും തീരുമാനമെന്നാണ് അറിയുന്നത്.
കേസുകളില്‍ കുടുങ്ങുമെന്ന ഭയത്തിനു പുറമെ എസ്‌എന്‍ഡിപി യോഗവും കൈവിട്ടുപോകുമെന്ന സ്ഥിതിയിലെത്തിനില്‍ക്കെ സിപിഎമ്മില്‍ നിന്ന് അനുകൂലനിലപാടുണ്ടായാലേ ഇനി പിടിച്ചുനില്‍ക്കാനാകൂ എന്ന സ്ഥിതിയിലാണ് വെള്ളാപ്പള്ളി പിണറായിയെ സമീപിച്ചത്. ബിജെപി പാളയത്തിലെത്തിയതോടെ കോണ്‍ഗ്രസിലെ ഒരു നേതാവിന്റെയും പിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോയ വെള്ളാപ്പള്ളിക്ക് അവസാന പ്രതീക്ഷ പിണറായിയായിരുന്നു. എന്നാല്‍ അതും തള്ളപ്പെട്ടതോടെ വലിയ പ്രതിസന്ധി നേരിടുകയാണ് ശാശ്വതീകാനന്ദയിലൂടെ യോഗം ജനറല്‍ സെക്രട്ടറിയായി പ്രതിഷ്ഠിക്കപ്പെടുകയും പിന്നീട് യോഗത്തിലെ ഏകാധിപതിയായി മാറുകയും ചെയ്ത വെള്ളാപ്പള്ളി.
വിജിലന്‍സ് കേസെടുക്കുമെന്നും പിടിവീഴുമെന്നും ഉറപ്പായതോടെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കുമുന്നില്‍ വെള്ളാപ്പള്ളി ശരണം തേടിയെത്തിയത്. ഇതിനു മുന്നോടിയായി ശനിയാഴ്ച യോഗം നേതാക്കളുടെ അടിയന്തിര യോഗവും വിളിച്ചുചേര്‍ത്തിരുന്നു. യോഗാനന്തരം നടന്ന പത്രസമ്മേളനത്തില്‍ പിണറായിയെ വെള്ളാപ്പള്ളി ഏറെനേരം പ്രശംസിക്കുകയും ചെയ്തു. പിണറായിക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ ബോധ്യപ്പെടും. ചില ദുഷ്ടശക്തികള്‍ വി.എസിനെ തെറ്റിദ്ധരിപ്പിച്ച്‌ പ്രചാരണങ്ങള്‍ നടത്തുകയാണ്. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും പരാതി നല്‍കി യോഗത്തെ തകര്‍ക്കാനും തളര്‍ത്താനുമാണ് ചിലരുടെ ശ്രമം.
എസ്.എന്‍.ഡി.പിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണ്. ഇതിനെ ശക്തമായി നേരിടും. ലാവലിന്‍, ഐസ്ക്രിം കേസുകളുടെ പിറകെ നടന്ന വി.എസിനെ അവസാനം കോടതി പോലും തള്ളിപ്പറഞ്ഞു. പിണറായി വിജയന്‍ ഭരണരംഗത്ത് വന്നതോടെ പക്വതയും മാന്യതയുമുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോള്‍ പ്രതിപക്ഷം എന്നൊരു പക്ഷമില്ല. അതിനാല്‍, ഭരണപക്ഷത്തിന് സുവര്‍ണകാലം. പിണറായിയുടെ സത്യപ്രതിജ്ഞക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അന്ന് കോടതിയില്‍ പോകേണ്ടിവന്നു.- ഇങ്ങനെ പോയി വെള്ളാപ്പള്ളിയുടെ വാക്കുകള്‍.
വി എസ് അച്യുതാനന്ദന്‍ ഒരുവശത്തുനിന്ന് മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പിടിമുറുക്കുമ്ബോള്‍ മറുവശത്ത് ശ്രീനാരായണ ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ ഈ വിഷയത്തിനു പുറമേ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണം ആവശ്യം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധര്‍മ്മവേദി ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാല്‍ ഇ്പ്പോള്‍ ഭരണം മാറിയ സാഹചര്യത്തില്‍ ഈ ആവശ്യവുമായി ഇവര്‍ പിണറായിയെ സമീപിച്ചിരിക്കുകയാണ്. ശാശ്വതീകാനന്ദയുടെ സഹോദരങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിനു പുറമെ യോഗത്തിലെ തന്നെ ഒരു വിഭാഗം ഇപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ നിലകൊള്ളുന്നുണ്ട്. വെള്ളാപ്പള്ളിക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച യോഗം മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു ഉള്‍പ്പെടെയുള്ള മുന്‍ നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നീക്കങ്ങള്‍. ഇതിനു പുറമെ ധര്‍മ്മവേദി നേതാക്കളായ ഗോകുലം ഗോപാലന്‍, ബിജുരമേശ് തുടങ്ങിയവര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് എസ്‌എന്‍ഡിപി യോഗം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ചരടുവലികള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ധര്‍മ്മവേദി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. മൈക്രോഫിനാന്‍സ് സംഭവത്തില്‍ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നല്‍കാന്‍ വെള്ളാപ്പള്ളി ഒരുങ്ങുന്നതിന് തൊട്ടുമുന്നേയായിരുന്നു ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട 15 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ള യോഗം നേതാക്കള്‍ക്കെതിരായ ആരോപണം. യോഗം പ്രസിഡന്റ് എംഎന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെകെ മഹേശന്‍, സംസ്ഥാന പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് നജീബ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം, ധനാപഹരണം എന്നീ ആരോപണങ്ങളാണുള്ളത്. ഇതിനു പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസുവരും. ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സമാന്തര അന്വേഷണം നടത്താമോ എന്ന് വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുകയാണ്. അനുകൂല റിപ്പോര്‍ട്ടുണ്ടായാല്‍ ഉടന്‍ ഈ കുറ്റങ്ങള്‍ ചുമത്തി വിജിലന്‍സ് കോടതിയെ സമീപിക്കാനും അതിനുപിന്നാലെ വെള്ളാപ്പള്ളിയെ പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിക്കാനുമാണ് വിജിലന്‍സ് ഒരുങ്ങുന്നത്. ഇതോടെ അറസ്റ്റുണ്ടാവുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി പിണറായിയുടെ ദയവുതേടുന്നത്.
പിന്നാക്ക വികസന കോര്‍പറേഷന്‍ എസ്‌എന്‍ഡിപി യോഗത്തിനു നല്‍കിയ 15 കോടിയോളം രൂപ യോഗം ശാഖകള്‍ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തില്‍ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 1015% പലിശ ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കിയെന്നും പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്തതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വായ്പ അംഗങ്ങള്‍ക്കു നേരിട്ടു നല്‍കാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നല്‍കിയതെന്ന വാദവും ഉയരുന്നു.
അതേസമയം തനിക്കു ലഭിച്ച പണം വിവിധ ജില്ലാ യൂണിയനുകള്‍ക്ക് വീതിച്ചുനല്‍കുക മാത്രമാണ് ചെയ്തതെന്നും അതില്‍ ചിലര്‍ ആ പണം വകമാറ്റിയെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതോടെ ജില്ലാ ഭാരവാഹികളില്‍ ചിലരെ കുടുക്കി കൈകഴുകാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന് യോഗത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായി. മാത്രമല്ല, ലോണെടുത്ത് വെട്ടിലായ പലരും വെള്ളാപ്പള്ളിക്കെതിരെ നീങ്ങുന്നതായാണ് സൂചനകള്‍. ഇതോടെ നിലവില്‍ എസ്‌എന്‍ഡിപി യോഗത്തില്‍ രണ്ടുചേരി രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇത് മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മവേദിയുടെയും വെള്ളാപ്പള്ളിയുമായി ഉടക്കി യോഗനേതൃത്വത്തില്‍ നിന്ന് പലപ്പോഴായി പുറത്തുവന്ന കിളിമാനൂര്‍ ചന്ദ്രബാബു ഉള്‍പ്പെടെയുള്ള നേതാക്കളുടേയും നീക്കം. ഇതിന് പരോക്ഷമായി സിപിഎമ്മിന്റെയും സഹായമുണ്ട്. ബിഡിജെഎസ് രൂപീകരിച്ച്‌ യോഗത്തെ സംഘപരിവാറുമായി കൂട്ടിക്കെട്ടിയെന്ന ആക്ഷേപം ശക്തമായുള്ളതും യോഗത്തില്‍ ഒരുവിഭാഗം ഇക്കാര്യത്തിലും അതൃപ്തരാണെന്നതും വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. ഇതിനു പുറമെയാണ് സ്വാമി ശാശ്വതീകാനന്ദയുടെ മരണം പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പിണറായിയുടെ സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞദിവസം യോഗം സര്‍ക്കാരിനെതിരെ നടത്താനിരുന്ന സമര പരിപാടികള്‍ ഉപേക്ഷിച്ചിരുന്നു. ഇതിനു പകരമായി ആലപ്പുഴയില്‍ എസ്‌എന്‍ഡിപി യൂണിയനുകളുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് നല്‍കിയ അടിസ്ഥാന രഹിതമായ പരാതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണകള്‍ ഒന്നുമില്ലെന്നും സര്‍ക്കാരില്‍ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Top