രാമക്കൽ മേട്‌

Share this news

ഇവിടത്തെ കാറ്റാണ് കാറ്റ്

രാമക്കല്‍ മേട് ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം.രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ ഇവിടെ ഇരുന്നുഎന്നാണ് പഴമക്കാര്‍ പറയുന്നത് .ശ്രീ രാമന്‍ ചവിട്ടിയ രാമപാദം പതിഞ്ഞ കല്ലാണ് രാമക്കല്ല്. അതില്‍ നിന്നാണ് രാമക്കല്‍ മേട് എന്ന പേര് വന്നത്.രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കാറ്റിന്റെ തിരകള്‍ കാലില്‍ തൊടും.കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റെ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കിച്ചെടുക്കാം.
നെടുങ്കണ്ടത്തു നിന്നും 15 കി.മീ ദൂരമേയുള്ളൂ രാമക്കല്‍മേട്ടിലേക്ക്. അവിടെ നിന്നും തൂക്കുപാലം എന്ന ചെറു പട്ടണത്തിലേക്ക് എപ്പോഴും ബസ് ലഭിക്കും. തൂക്കുപാലത്തുനിന്നും ട്രിപ്പ് ജീപ്പില്‍ യാത്രചെയ്താല്‍ രാമക്കല്‍ മേട്ടിലെത്താം. ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് നടക്കാം.
തെക്കൻ കേരളത്തിൽ നിന്നാണെങ്കിൽ കോട്ടയം ,ഈരാറ്റുപേട്ട ,വാഗമണ്‍ ,ഏലപ്പാറ, കട്ടപ്പന ,നെടുംകണ്ടം ,തൂക്കുപാലം , രാമക്കൽമേട്‌ എന്നിങ്ങനെയാണ് റൂട്ട് .ഏകദേശം 124 K M ഉണ്ട് കോട്ടയത്ത്‌ നിന്നും.
നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ചെറിയ മഴ ഉള്ളപ്പോള്‍ വരുന്നതാണ് എറ്റവുംനല്ലത്.
മലയുടെ മുകളില്‍ ഇടുക്കി ഡാമിലെ പ്രസിദ്ധമായ കുറവന്‍ കുറത്തിമലകളുടെ പ്രതീകമായി കുറവന്റെയും കുറത്തിയുടെയും ശില്പം സ്ഥാപിച്ചിട്ടുണ്ട്.രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍.
അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒരു കലാസൃഷ്ടി. സന്ദര്‍ശകര്‍ക്കായി കുതിരസവാരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മേടിനു മുകളിലുള്ള കല്ലുമ്മേക്കല്ല് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചതു പോലെയുള്ള ഭയങ്കരമായ പാറക്കെട്ട്. വനവാസകാലത്ത് ഭീമസേനന്‍ ദ്രൗപതിയ്ക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണത്രേ. നീര്‍ച്ചോലകളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും പാറക്കെട്ടുകളും നിറഞ്ഞ വഴിയിലൂടെ ഇവിടേക്കുള്ള യാത്ര വളരെ ആസ്വാദ്യകരമാണ്. അതിവേഗതയില്‍ കാറ്റു വീശുന്ന പാറയുടെ മുകളില്‍ മനസ്സില്‍ ധൈര്യമുള്ള അതിസാഹസികന്‍മാര്‍ക്കു കയറാം. ഇവിടെ നിന്നു നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളും റോഡുകളും വിശാലമായ കൃഷിയിടങ്ങളും തൊട്ടുതാഴെയായി കാണാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലമാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ രാമക്കല്‍ മേടില്‍ 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും അതിപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. സ്വകാര്യമേഖലയിലുള്ള വെസ്റ്റാസ് കമ്പനി ഇവിടെ 75 മെഗാവാട്ട് ശേഷിയുള്ള പത്തൊന്‍പത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്ന് കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഇരുനൂറ്റമ്പതോളം അടി ഉയരമുള്ള തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന എഴുപതടിയിലേറെ നീളമുള്ള മൂന്നിതളുകള്‍ വീതമുള്ള ഭീമന്മാരാണ് ഇവയോരോന്നും.
രാമക്കല്‍മേട് എല്ലാത്തരം യാത്രക്കാരെയും തന്റെ മടിത്തട്ടിലേക്ക് ചേര്‍ത്തു വയ്ക്കുകയാണ്. വിശ്രമമില്ലാതെ വീശുന്ന കാറ്റിന്റെ സൗഹൃദ കൈകളോടെ ..

Share this news

Leave a Reply

Your email address will not be published. Required fields are marked *