വിഭാഗീയതയുടെ കാലം കഴിഞ്ഞു; ഏതു പ്രശ്നങ്ങളിലും വിഎസിന് പ്രതികരിക്കാമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളവുമായി ബന്ധപ്പെട്ട ഏതു പ്രശ്നങ്ങള്‍ക്കും വി.എസ് അച്യുതാനന്ദന് സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഎസ് അഭിപ്രായം പ്രകടപ്പിക്കേണ്ട ഫോറം സംസ്ഥാന കമ്മിറ്റിയാണെന്നുളള തീരുമാനമാണ് കേന്ദ്രകമ്മിറ്റി എടുത്തിരിക്കുന്നതെന്നും കോടിയേരി വിശദമാക്കി. വിഎസുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞു.
വിഭാഗീയതയുടെ അധ്യായം തീര്‍ന്നു. സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാമോ എന്ന് വിഎസ് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് കേന്ദ്രകമ്മിറ്റി ചെയ്തതെന്നും കോടിയേരി പറഞ്ഞു. മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ട് അടുത്ത കേന്ദ്രകമ്മിറ്റിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെഗുവേരയുടെ പടങ്ങള്‍ വയ്ക്കരുതെന്ന ബിജെപിയുടെ ആവശ്യം വെല്ലുവിളിയായി കാണുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ ചെഗുവേരയുടെ കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കുമെന്നും കോടിയേരി പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സിപിഐഎം പ്രതീകാത്മകമായി വിചാരണ ചെയ്യും. ഈ മാസം 25ന് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.വിജിലന്‍സ് ഡയറക്ടര്‍ തെറ്റ് ചെയ്തെങ്കില്‍ അത് പരിശോധിക്കാന്‍ വിജിലന്‍സ് കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Dailyhunt

Top