സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി; നേരിട്ട് ഹാജരാകാന്‍ ബംഗളൂരു കോടതിയുടെ നിര്‍ദ്ദേശം ശിക്ഷാവിധി നടപ്പാക്കുന്നതിന് സ്റ്റേ ഇല്ല

ബംഗളൂരു > സോളാര്‍ പദ്ധതിയുടെ പേരില്‍ വ്യവസായിയില്‍നിന്ന് പണം തട്ടിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു കോടതി ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് നടപ്പാക്കാന്‍ ജനുവരി 26 വരെ സമയമുണ്ടെന്നും ഈ ഘട്ടത്തില്‍ സ്റ്റേ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഡിസംബര്‍ ആറിന് നേരിട്ട് ഹാജരായി തെളിവ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് സമയം ലഭിച്ചില്ലെന്നുകാട്ടി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു അഡീഷണല്‍ സിറ്റി ആന്‍ഡ് സിവില്‍ സെഷന്‍സ് ജഡ്ജി എന്‍ ആര്‍ ചെന്നകേശവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ശിക്ഷവിധിച്ചത്. 1.35 കോടി തട്ടിയെടുത്തതായി കാണിച്ചാണ് ബംഗളൂരുവിലെ മലയാളി വ്യവസായി എം കെ കുരുവിളയാണ് കോടതിയെ സമീപിച്ചത്. ഈ തുക 12 ശതമാനം പലിശ സഹിതം തിരിച്ചുനല്‍കാനാണ് വിധി. കോടതിച്ചെലവും വക്കീല്‍ഫീസും ഉള്‍പ്പെടെ നല്‍കണം. ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ 1,60,85,700 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. പണം കെട്ടിവച്ചില്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.

Top