നാലു വര്‍ഷം പിറകേ നടന്നിട്ട് ഒരു ഹൈമാസ്റ്റ് ഞങ്ങള്‍ക്ക് തന്നില്ലബിജെപിക്കാര് ചോദിക്കുന്നതിന്മുന്‍പേ കൊടുത്തു. എംപി ഫണ്ട് കിട്ടാന്‍ ഞങ്ങള്‍ ബിജെപിയില്‍ ചേരണോ..? പ്രേമചന്ദ്രനോട് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍.

നാലു വർഷം പിറകേ നടന്നിട്ട് ഒരു ഹൈമാസ്റ്റ് ഞങ്ങൾക്ക് തന്നില്ല. ബിജെപിക്കാരന് ചോദിക്കുന്നതിനു മുൻപ് കൊടുത്തു. എംപി ഫണ്ട് കിട്ടാൻ ഞങ്ങൾ ബിജെപിയിൽ ചേരണോ..? പ്രേമചന്ദ്രനോട് പൊട്ടിത്തെറിച്ച് കോൺഗ്രസ്‌ പഞ്ചായത്ത്‌ മെമ്പർ.

*********************************

ഐ എൻ ടി യു സി യുടെ യോഗത്തിൽ സംബന്ധിക്കാൻ എത്തിയ എൻ കെ പ്രേമചന്ദ്രൻ എംപിയെ കശുവണ്ടി തൊഴിലാളികളും കോൺഗ്രസ്‌ പഞ്ചായത്ത്‌ മെമ്പറും ചോദ്യം ചെയ്തു. രംഗം പന്തികേടാവുന്നതിനു മുൻപ് എംപി കാറിൽ കയറി രക്ഷപെട്ടു. കൊല്ലം കൊറ്റങ്കര വേലംകോണം ജോൺസ് കാഷ്യൂ ഫാക്ടറിയിൽ ഇന്നലെയാണ് സംഭവം.

ഐ എൻ ടി യു സി യുടെ പരിപാടിയിൽ പങ്കെടുത്ത് കശുവണ്ടി തൊഴിലാളികളോട് വോട്ട് ചോദിക്കാനെത്തിയ എംപിയോട് വന്നപ്പോൾ തന്നെ തൊഴിലാളികൾ കയർക്കാനും ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.
കശുവണ്ടി മേഖല ഇത്രയും പ്രതിസന്ധി നേരിട്ടിട്ടും എംപിയെ ഇവിടെങ്ങും കണ്ടില്ലല്ലോ എന്നു ചോദിച്ചു. അഞ്ചു വർഷം മുൻപ് വോട്ട് ചോദിച്ചു വന്നതിനു ശേഷം ഇപ്പോഴാണല്ലോ വീണ്ടും കാണുന്നത്, ഇതു വരെ എവിടെയായിരുന്നു എന്ന് ചോദിച്ചതോടെ എംപിയുടെ ഡ്രൈവർ അവരോട് വാക്കേറ്റത്തിന് തയാറായി. തൊഴിലാളി സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ എംപിയുടെ അനുയായികൾ തുനിഞ്ഞപ്പോൾ ആർ എസ് പിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഇടപെട്ട് താൽക്കാലികമായി രംഗം ശാന്തമാക്കുകയായിരുന്നു. എന്നാൽ വേദിയിലുണ്ടായിരുന്ന കൊറ്റങ്കര പഞ്ചായത്ത്‌ നാലാം വാർഡ് അംഗവും കോൺഗ്രസ്‌ നേതാവുമായ സിദ്ധിക് തൊഴിലാളി സ്ത്രീകൾ പറഞ്ഞതിലെന്താണ് തെറ്റ് എന്നു പറഞ്ഞു കൊണ്ട് തർക്കത്തിൽ കക്ഷി ചേർന്നു. കോൺഗ്രസ്‌ വോട്ട് വാങ്ങി ജയിച്ച എംപി എന്തു കാര്യമാണ് നാട്ടിൽ ചെയ്തത് എന്നറിയാൻ ആഗ്രഹം ഉണ്ട് എന്നു പറഞ്ഞു. കൊറ്റങ്കരയിലെ ഏക ബിജെപി മെമ്പറിന് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച നടപടിയും സിദ്ധിക്ക് ചോദ്യം ചെയ്തു . കൊറ്റങ്കര പഞ്ചായത്തിൽ കോൺഗ്രസിന് നാലു പഞ്ചായത്ത്‌ അംഗങ്ങൾ ഉണ്ടെന്നും പിറകെ നടന്നു കാലു പിടിച്ചിട്ടും ഇവരുടെ വാർഡുകളിൽ ഒരു ലൈറ്റ് അനുവദിക്കാൻ തയാറാകാത്ത എംപിക്ക് ബിജെപി മെമ്പറോട് എന്താണിത്ര താല്പര്യം എന്നും ചോദിച്ചു. ബിജെപി അംഗമായ ശിവാനന്ദന്റെ വാർഡിനോട് ചേർന്നു കിടക്കുന്ന തന്റെ വാർഡിൽ ഒരു ലൈറ്റ് കിട്ടാൻ വേണ്ടി കോൺഗ്രസ്‌ പാർട്ടിയുടെ കത്തുമായി നൂറു തവണ കയറിയിറങ്ങിയിട്ടും അത് തരാതെ ബിജെപി അംഗത്തിന്റെ ആവശ്യം അംഗീകരിച്ച പരിപാടി മാന്യത അല്ലെന്നും വിളിച്ചു പറഞ്ഞു. യു ഡി എഫിന്റെ എംപിയുടെ ഫണ്ട് കിട്ടാൻ ബിജെപിയിൽ ചേരണം എന്ന നിലയാണ് ഇവിടെയുള്ളത് എന്നാണ് കോൺഗ്രസ്‌ മെമ്പർമാർക്കിടയിലെ സംസാരം എന്നും പറഞ്ഞു. വേണമെങ്കിൽ ബിജെപിയുടെ കത്ത് വാങ്ങിക്കൊണ്ടു വരാം, ഒരു ലൈറ്റ് തരാമോ എന്നു ചോദിച്ചു. കുപിതനായ പ്രേമചന്ദ്രൻ സിദ്ധിക്കുമായി വാക്കേറ്റമാവുകയും ആർക്ക് എംപി ഫണ്ട് കൊടുക്കണം എന്ന് താൻ തീരുമാനിച്ചു കൊള്ളാമെന്നും താൻ അതിൽ ഇടപെടേണ്ട എന്ന് മറുപടി പറയുകയും ചെയ്തു. എംപി ഫണ്ട് തരാൻ സൗകര്യം ഇല്ല താൻ ചെയ്യാവുന്നതൊക്കെ ചെയ്തോളൂ എന്ന് വെല്ലുവിളിക്കുകയും ചെയ്തു വഴക്ക് മുറുകുകയും സിപിഎമ്മുകാരുൾപ്പെടെയുള്ള ആളുകൾ കൂടുകയും ചെയ്തതോടെ ആർ എസ് പി നേതാക്കളായ ടി സി വിജയൻ, കെ ആർ വി സഹജൻ, കുഞ്ഞുശങ്കരപ്പിള്ള എന്നിവർ ചേർന്ന് സിദ്ധിക്കിനെയും എംപിയെയും അനുനയിപ്പിച്ച് പിടിച്ചു മാറ്റുകയായിരുന്നു.

പ്രേമചന്ദ്രൻ ബിജെപിക്ക്‌ എംപി ഫണ്ട് കൊടുത്തതിന്റെയും ബിജെപിക്കാർ എംപിക്ക് അഭിവാദ്യം അർപ്പിച്ച് ബോർഡുകൾ ഉയർത്തിയതിന്റെയും വിവാദം കൊല്ലത്ത് വീണ്ടും പുകയുകയാണ്.

Loading...
Loading...
Top