ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താൻ കച്ചകെട്ടിയിറങ്ങി ബി.ജെ.പി.; സുരേന്ദ്രൻ ലംഘിച്ചത് കുടുംബത്തിൽ മരണമുണ്ടായാൽ ഒരു വർഷത്തേക്ക് മല ചവിട്ടാൻ പാടില്ല എന്ന ആചാരം

ആചാരം സംരക്ഷിക്കാനെന്ന പേരിൽ ശബരിമലയിലും കേരളത്തിൽ ഉടനീളവും അക്രമം അഴിച്ചു വിടുന്ന ബി.ജെ.പി.യുടെ നീക്കം ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താനെന്നു സൂചന. ആർ.എസ്.എസ്. നേതാവ് വത്സൻ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങിയത് കൂടാതെ ശബരിമലയിൽ ബി.ജെ.പി. നേതാക്കളും അണികളും നടത്തുന്നത് ഗുരുതര ആചാര ലംഘനം.
നാൽപത്തിയൊന്ന് ദിവസം വ്രതമെടുക്കാൻ കഴിയാത്തതുകൊണ്ടാണ് ശബരിമലയിലെ യുവതീ പ്രവേശനം തടയുന്നത് എന്ന് വാദിക്കുന്ന ശശികല ഉൾപ്പടെയുള്ളവർ യാതൊരു വ്രതവുമില്ലാതെയാണ് ശബരിമലയിലെത്തിയത് എന്നും വ്യക്തമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കെ.പി. ശശികലയും സുരേന്ദ്രനും വി.വി. രാജേഷും ശബരിമലയിലെത്തുന്നത് മൂന്നാം തവണയാണ്.
നേരാംവണ്ണം വ്രതമെടുക്കാതെ ക്ളീൻ ഷേവ് ചെയ്ത മുഖവുമായാണ് കെ. സുരേന്ദ്രനും വി.വി. രാജേഷും മലചവിട്ടാനെത്തിയത്. ഇതുകൂടാതെ അക്രമവും കലാപാഹ്വാനവും ഉൾപ്പടെ ശബരിമല സന്നിധാനം അശുദ്ധമാക്കാനുള്ള പദ്ധതിയുമായാണ് ബി.ജെ.പി. നേതൃത്വം രംഗത്ത് വരുന്നത്.
ഇന്ന് അറസ്റ്റിലായ കെ. സുരേന്ദ്രനെ കരുതൽ തടങ്കലിലേക്ക് മാറ്റിയെങ്കിലും സംസ്ഥാനത്ത് ഉടനീളം ആചാര സംരക്ഷകരെന്നു പറഞ്ഞു അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണ് ബി.ജെ.പി. പ്രവർത്തകർ.

ഇതൊക്കെ കൂടാതെയാണ് ഗുരുതരമായ ആചാര ലംഘനമാണ് കെ. സുരേന്ദ്രൻ നടത്തുന്നത് എന്ന തെളിവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്. കുടുംബത്തിൽ ഒരു മരണം നടന്നാൽ ആ കുടുംബത്തിലെ വ്യക്തി ഒരു വര്ഷം കഴിഞ്ഞേ മല ചവിട്ടാവൂ എന്നതാണ് ആചാരം. കഴിഞ്ഞ ജൂലൈ മാസം അഞ്ചാം തീയതിയാണ് കെ. സുരേന്ദ്രന്റെ മാതാവ് അന്തരിച്ചത്. ആചാരം മൂലം സുരേന്ദ്രനോ കുടുംബക്കാരോ ഒരു വർഷത്തേക്ക് ശബരിമലയിൽ ദർശനം നടത്താൻ പാടില്ല എന്നാണ്.
എന്നാൽ ഇടപ്പള്ളി ലുലു മാളിൽ പോവുന്ന ലാഘവത്തോടെ അന്തിക്ക് ഒരു ഇരുമുടിക്കെട്ടും തോളിലിട്ട് സുരേന്ദ്രൻ ശബരിമല ദര്ശനത്തിനെത്തുന്നത് കൊടിയ ആചാരലംഘനമെന്നാണ് ഹിന്ദു ധര്മശാസ്ത്ര വിദഗ്ധർ പറയുന്നത്. സുരേന്ദ്രന്റെയും മറ്റു ബി.ജെ.പി. നേതാക്കളുടെയും നടപടികൾ ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്തുന്നതിനുള്ള ഗൂഡാലോചന മാത്രമാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.
അയ്യപ്പ ഭക്തർ ആചാര ലംഘനം നടത്തുന്ന ബി.ജെ.പി. നേതാക്കൾക്കെതിരെ എല്ലായിടത്തും രംഗത്ത് വരികയാണ്.

Loading...
Loading...
Top