സംഘ പരിവാർ അജണ്ട ബോധ്യമായി; നാട് നശിപ്പിക്കാൻ കൂട്ട് നിൽക്കില്ല; എൻ എസ് എസ് ശബരിമല സമരത്തിൽ നിന്നും പിന്മാറി

ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരായ വിശ്വാസികളുടെ സമരത്തിന് ആദ്യഘട്ടത്തില്‍ ചുക്കാന്‍ പിടിച്ചത് എന്‍.എസ്.എസ് ആയിരുന്നു.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം പുതിയ തലത്തിലേക്ക്. വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തിരുമാനിച്ചതോടെ എന്‍.എസ്.എസ് പ്രത്യക്ഷ സമരത്തില്‍നിന്ന് പിന്മാറി. ശബരിമലയിലെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവാണ് യു.ഡി.എഫ് ഇപ്പോള്‍ സമര വിഷയമാക്കിയിരിക്കുന്നത്. പ്രത്യക്ഷ സമര രംഗത്ത് സംഘപരിവാര്‍ മാത്രമാണ് അവശേഷിക്കുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരായ വിശ്വാസികളുടെ സമരത്തിന് ആദ്യഘട്ടത്തില്‍ ചുക്കാന്‍ പിടിച്ചത് എന്‍.എസ്.എസ് ആയിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി, തന്ത്രി കുടുംബം എന്നിവരടക്കം ശബരിമലയുമായി ബന്ധപ്പെട്ടവരും സമരത്തിന്‍റ ഭാഗമായി. ഇതിന് ജനപിന്തുണ വര്‍ധിച്ചതോടെയാണ് ബി.ജെ.പിയും പിന്നാലെ യു.ഡി.എഫും വ്യത്യസ്ത രീതിയില്‍ സമര രംഗത്തെത്തിയത്. പുനപരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയാറാകാതിരുന്നതാണ് എന്‍.എസ്.എസിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ബി.ജെ.പിയും, സംഘപരിവാറും സന്ദര്‍ഭം മുതലെടുത്തതോടെ സര്‍ക്കാര്‍ നിലപാടു മാറ്റി. സാവകാശം തേടി ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി. എന്‍.എസ്.എസ്, തന്ത്രികുടുംബം, പന്തളം കൊട്ടാരം നിര്‍വാഹക സമിതി എന്നിവരെ വിശ്വാസത്തിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം.

പുതിയ സംഭവവികാസങ്ങളോടെ, പ്രത്യക്ഷ സമര രംഗത്തുനിന്ന് എന്‍.എസ്.എസ് പിന്മാറുകയായിരുന്നു. പ്രതിഷേധങ്ങള്‍ ഏറെക്കുറെ സംഘപരിവാര്‍ പ്രവര്‍ത്തകരുടേത് മാത്രമായി. തുലാമാസ പൂജ, ആട്ട ചിത്തിര പൂജ എന്നീ സമയങ്ങളിലുണ്ടായതു പോലെ പ്രതിഷേധം ശബരിമലയില്‍ ഉണ്ടായുമില്ല. യു.ഡി.എഫാകട്ടെ അടിസ്ഥാന സൌകര്യങ്ങള്‍ പഠിക്കാന്‍ പ്രതിനിധി സംഘത്തെ ശബരിമലക്ക് അയക്കുകയും ചെയ്തു. ഇതോടെ ശബരിമല സമരം ഒറ്റക്ക് മുന്നോട്ടു കൊണ്ടുപോകേണ്ട അവസ്ഥയിലാണ് സംഘിപരിവാര്‍.

Loading...
Loading...
Top