നെയ്മർ ..!! നെയ്മറിനെ കുറിച്ച് നിങ്ങൾ അറിയാത്തതും . അറിഞ്ഞിരിക്കേണ്ടതും

നെയ്മർ ..!! നെയ്മറിനെ കുറിച്ച് നിങ്ങൾ അറിയാത്തതും . അറിഞ്ഞിരിക്കേണ്ടതും

ബ്രസീൽ സാവോപോളോയിലെ മോഗി ഡാസ് ക്രൂസസ് ചേരിയിലെ നാദൈൻ ഡിസിൽവ ഒമ്പതാം മാസം വരെയും തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ കിടപ്പറിയുന്ന അൾട്രാ സൗണ്ട് സ്കാൻ എടുത്തിരുന്നില്ല. കാരണം അതിനുള്ള ചെലവ് താങ്ങാൻ കഴിയുമായിരുന്നില്ല ആ കുടുംബത്തിന്.

ഭർത്താവ് നെയ്മർ സാന്റോസ് പകരം ക്രിസ്തുവിന്റെ മുന്നിൽ കൈകൂപ്പി നിന്നു, 1992 ഫെബ്രുവരി അഞ്ചിന് ആപത്തൊന്നും കൂടാതെ കുഞ്ഞ് പിറന്നു വീഴും വരെ.

ആ കുഞ്ഞിന്റെ നാലാം വയസിൽ കുടുംബം സഞ്ചരിച്ച കാർ ഒരു മലമുകളിൽ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തകർന്നു.കനത്ത മഴയിൽ കുത്തിറക്കത്തിൽ സംഭവിച്ച ആ അപകടം കണ്ട് ഓടിക്കൂടിയവർ കണ്ടത് വഴിയോരത്ത് തെറിച്ച് വീണ് രക്തം വാർന്നു കിടക്കുന്ന കുഞ്ഞിനെ.

(അന്നാരും അത് ആക്ടിങ്ങായി പറഞ്ഞില്ല).

നന്നായി ഫുട്ബോൾ കളിച്ചിരുന്നു ആ കുഞ്ഞിന്റെ അച്ഛൻ. മകൻ കൂടി പിറന്നതോടെ പല ജോലികൾ ചെയ്ത് കുടുംബം പുലർത്താൻ നെട്ടോട്ടമായി. സ്വന്തം കളി മറന്നെങ്കിലും കുഞ്ഞിന് പന്തുകളി പാഠങ്ങൾ പകർന്നു നൽകി.

തെരുവോരമായിരുന്നു കുഞ്ഞ് നെയ്മറിന്റെ കളിയിടം. കളിക്കിടെ കൊണ്ടും കൊടുത്തും വിളയാട്ടം. പയ്യന്റെ പന്തടക്കവും വെട്ടിയൊഴിയലും അടിച്ചുവിടുന്ന പന്തിന്റെ അപകട വളവുമൊക്കെ കണ്ട് തെരുവോര ഫുട്ബോൾ ടൂർണമെന്റുകളിൽ കൈയടികളേറെ മുഴങ്ങി.

എന്നാൽ, വീട്ടിലെ സ്ഥിതി കൂടുതൽ മോശമായി തുടങ്ങി. ബില്ലടക്കാൻ കാശില്ലാതെ ഫ്യൂസൂരുന്നതിനാൽ മിക്കപ്പോഴും ഇരുട്ടത്താണ് കിടപ്പ്. നെയ്മർ പഠിക്കുന്നത് പ്രദേശത്തെ ഏറ്റവും മോശം പള്ളിക്കൂടത്തിലും.

രണ്ടുവട്ടം കിടപ്പാടം മാറ്റി അച്ഛൻ നെയ്മർ അവസാനം സാന്റോസിൽ താമസമാക്കി. ചെക്കന് പ്രായം പതിനൊന്ന് ആയപ്പോഴേക്കും സാവോപോളോയിലെ മികച്ച തെരുവോര കളിക്കാരനെന്ന പേര് സ്വന്തമായി.

അങ്ങനെ പേരുകേട്ട സാന്റോസ് എഫ്സിയിൽ പ്രവേശനം. പിന്നെ, ചെക്കന്റെ കളി അങ്ങട് കാര്യമായി. മികച്ച യുവ ഫുട്ബാളറായി പേരെടുത്തതോടെ വരുമാനം കിട്ടി തുടങ്ങി. പതിനഞ്ചാം വയസിൽ മകൻ നെയ്മർ തന്റെ കളിമികവിൽ കുടുംബത്തിന് നേടിക്കൊടുത്തത് സ്വന്തമായി ഒരു കിടപ്പാടം. അതിലുപരി ഇനി ‘ഞാനുണ്ട്’ എന്ന് അച്ഛനുമമ്മക്കും ഒരു പഞ്ച് ഉറപ്പും.

പിന്നീടുള്ള കാലം ഈ പയ്യന്റെതായിരുന്നു. പെരുമ കേട്ടറിഞ്ഞ് മാഞ്ചസ്റ്റർ യുനൈറ്റഡ് പയ്യനെ തേടി വന്നു. പയ്യൻ നാടുവിടുമെന്നായപ്പോൾ നാട്ടുകാർ കലാപമായി. അങ്ങനെ നിലവിലെ ക്ലബ് സന്റോസ് കരാർ തുക കുത്തനെ കൂട്ടി നൽകി.

2010 ലെ ഫുട്ബാൾ സീസൺ തീരുമ്പോൾ നെയ്മർ അടിച്ചുകൂട്ടിയത് 60 കളികളിൽ 42 ഗോൾ. 2017ൽ ബാഴ്സലോണയിലേക്ക്. ബ്രസീൽ ദേശീയ ടീമിനായി പതിനെട്ടാം വയസു മുതൽ അടിച്ചുകൂട്ടിയത് 85 കളികളിൽ 55 ഗോളുകൾ. ഇതിനിടെ കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് സ്വർണവും നാട്ടിൽ എത്തിച്ചു.
2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ നടുവിന് പൊട്ടലുണ്ടായി പുറത്തു പോയി.

മൂന്നു വയസുകാരൻ ഡാവി ലൂക്കയുടെ അച്ഛനായി. ‘100 % JESUS’ ബാൻറ് തലയിൽ മാത്രമല്ല, മനസിലും മുറുക്കി. പെങ്ങൾ റാഫെല്ലയോട് സ്നേഹം മൂത്ത് വലതു കൈത്തണ്ടയിൽ അവളുടെ ചിത്രം കുത്തി. തിരിച്ച് പെങ്ങൾ തന്റെ കൈയിൽ കൊത്തിവെച്ചത് പൊന്നാങ്ങളയുടെ കണ്ണുകൾ.

ദാ ഇപ്പോൾ വീണ്ടും ലോകകപ്പ്…

സ്വിറ്റ്സർലാൻറുമായി ആദ്യ കളിയിൽ നെയ്മറെ മികച്ച നടനായി ‘വാഴിക്കുന്നവർ’ ഒന്നോർക്കുക. തീയിൽ തന്നെയാണ് ഈ നെയ്മർ കുരുത്തത്. പ്രായം 26. ഇതു വരെയുള്ള നേട്ടം നിങ്ങൾ എണ്ണിത്തുടങ്ങിയാൽ ചെക്കൻ വേൾഡ് കപ്പും പൊക്കിപ്പിടിച്ച് വീട്ടീൽ കേറിയാലും അത് തീർന്നിട്ടുണ്ടാകില്ല.

മുമ്പ് സാവോ പോളോയിലെ തെരുവിലേക്ക് പന്തും കൊടുത്തു വിടുമ്പോൾ കുഞ്ഞ് നെയ്മറിന്റെ ഇരു കവിളത്തും അച്ഛനുമമ്മയും ചുണ്ടമർത്തും. എന്നിട്ട് തങ്ങളുടെ പ്രാരാബ്ദമോർത്ത് അവർ പറഞ്ഞിരുന്നു.”വിധി മറ്റൊന്നായിരുന്നെങ്കിൽ ഞങ്ങളേക്കാൾ സമ്പന്നരായ മാതാപിതാക്കളെ തന്നെ നിനക്ക് കിട്ടുമായിരുന്നു. പക്ഷെ ഒന്നുറപ്പാണ്, നിന്നേക്കാൾ നല്ലൊരു മകനെ ഇനിയൊരിക്കലും ഞങ്ങൾക്ക് കിട്ടില്ല. നീയാണ് മികച്ചത്. പോയി കളി തീർത്തിട്ട് വാ”.

എഴുത്ത് -കടപ്പാട്: മാധ്യമം

Loading...
Loading...
Top