ഓഖി ദുരിതാശ്വാസം : പരസ്യം സൗജന്യമായതിനാല്‍ മാധ്യമങ്ങള്‍ മുക്കി

ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി വ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസുകളും വകുപ്പ്തല ഉദ്യോഗസ്ഥരും ധനസഹായം നല്‍കിയാണ് ഈ പ്രവര്‍ത്തനത്തിന് മാതൃകാപരമായ തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കിയ പരസ്യം മുഖ്യാധാര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. ഈ പരസ്യം സൗജന്യമായി പ്രസിദ്ധകരിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് അറിയുന്നു.
ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക, സിറാജ്, ജډഭൂമി തുടങ്ങിയ പത്രങ്ങളിലാണ് ഇന്ന് (16.12.2017) ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളും ധനസഹായം നല്‍കേണ്ട അക്കൗണ്ട് വിശദാംശങ്ങളും പരസ്യത്തിലുണ്ട്.

മാതൃഭൂമി, മലയാള മനോരമ, മാധ്യമം, ദീപിക, മംഗളം, കേരള കൗമുദി, ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ ഈ പരസ്യം കാണാനുണ്ടായിരുന്നില്ല. 40 മുതല്‍ 60 ശതമാനം വരെ പരസ്യം പ്രസിദ്ധീകരിച്ച് കോടികള്‍ ഉണ്ടാക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ ഉയര്‍ന്ന ധാര്‍മ്മികതയും മാധ്യമ മൂല്യവും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എന്നാല്‍ കൃത്യമായ രാഷ്ട്രീയമുള്ള മാധ്യമങ്ങള്‍ ഈ പരസ്യം ജനങ്ങളിലെത്തിക്കുകയും നിക്ഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്ന് അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പരസ്യം പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്ത കാഴ്ചയാണ് ഇവിടെ കാണുന്നത്.

ഒരു ദിവസം പത്രം സൗജന്യമായി അച്ചടിച്ചുനല്‍കിയാല്‍ പോലും ലാഭം സാധ്യമായ പത്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മാതൃഭൂമി ദിനപത്രം സ്വന്തമായി ഓഖി ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നത് മാതൃകാപരമാണ്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം ജനങ്ങളിലെത്തിക്കാന്‍ ഇവരും ബാധ്യസ്ഥരാണ്.
ഓഖി പോലൊരു ദുരന്തം നടന്നപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വ്യഗ്രത കാണിച്ച മാധ്യമപ്രവര്‍ത്തനം ഒരുപാട് ചര്‍ച്ചയായതാണ്. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുക തന്നെ വേണം. അതോടൊപ്പം ദുരിതബാധിതരോടൊപ്പം നില്‍ക്കേണ്ടതും മാധ്യമധര്‍മ്മമാണ്.

Loading...
Loading...
Top