ഇടതുപക്ഷത്തിന് തുടര്‍ഭരണം യാഥാര്‍ഥ്യമാകും: കോടിയേരി

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുന്ന സാമൂഹ്യ സാഹചര്യം വളരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ തുടര്‍ഭരണം യാഥാര്‍ഥ്യമാക്കുന്നവിധം വലിയ സാമൂഹ്യമാറ്റമുണ്ടാകും. ആരു ഭരിച്ചാലും ഒരുപോലെയല്ലെന്ന് ബോധ്യപ്പെടുത്താന്‍ 20 മാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന് തെളിയിക്കാനായി. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യം പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന് പ്രാവര്‍ത്തികമാക്കുകയാണ്. രണ്ടാം വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ സര്‍ക്കാര്‍ ഇറക്കുന്ന പ്രോഗസ്ര് റിപ്പോര്‍ട്ടിന് ജനം എ പ്ലസ് നല്‍കും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.

എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ നാട്ടില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളിയെ കൈയേറ്റം ചെയ്തത് ഇതിന്റെ ഭാഗമാണ്. കണ്ണൂരില്‍ കൊലപാതകത്തിന്റെ പേരിലുള്ള കോണ്‍ഗ്രസ് സമരം ആര്‍എസ്‌എസ് സ്പോണ്‍സര്‍ ചെയ്തതാണ്. ആര്‍എസ്‌എസ് നേതാവ് സമരപ്പന്തല്‍ സന്ദര്‍ശിച്ചത് ഇതിനു തെളിവ്. കൊല്ലപ്പെട്ടത് മതന്യൂനപക്ഷക്കാരനായതിനാല്‍ മതത്തിന്റെ പേരില്‍ ലീഗ് മുതലെടുപ്പ് സമരത്തിന് തയ്യാറായത് ദൗര്‍ഭാഗ്യകരമാണ്.

കേരളത്തില്‍ ഏറ്റവുമധികം രക്തസാക്ഷികളുള്ള പ്രസ്ഥാനമാണ് സിപിഐ എം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷംമാത്രം സിപിഐ എമ്മിന്റെ 14 പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. കേരളത്തില്‍ 250 പേരെ കൊലപ്പെടുത്തിയ പാര്‍ടിയാണ് അഹിംസാവാദികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്. സിപിഐ എം ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ടിയല്ല.

അഴിമതി നിറഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്താനായിരുന്നു സിപിഐ എമ്മിന്റെ കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യതീരുമാനം. ആ സമരങ്ങളുടെ ഫലമായാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. രാജ്യത്ത് വര്‍ഗീയവല്‍ക്കരണവും ജനദ്രോഹ ഭരണവും നടത്തുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനാണ് ഈ സമ്മേളനത്തിന്റെ ആഹ്വാനം. ആ രാഷ്ട്രീയ മാറ്റത്തിന് നിര്‍ണായക സംഭാവന ചെയ്യാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിയണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ നമ്മുടെ ശേഷി വര്‍ധിപ്പിക്കണം. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 സീറ്റ് ഉള്‍െപ്പടെ എല്‍ഡിഎഫ് 63 സീറ്റില്‍ വിജയിച്ചതിനാലാണ് അന്നത്തെ ബിജെപി ഭരണത്തെ താഴെയിറക്കാനായത്.

കോണ്‍ഗ്രസിന് ബിജെപിയുടെ നയങ്ങള്‍ക്കെതിരെ പോരാടാനാകില്ല. ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനെതിരെ കോണ്‍ഗ്രസ് മൃദുഹിന്ദുത്വമാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ തുറന്നുകാട്ടി രാജ്യത്ത് ഇടതുപക്ഷ, ജനാധിപത്യ, മതേതരശക്തികളുടെ രാഷ്ട്രീയ ധ്രുവീകരണം സാധ്യമാക്കണം. അതോടൊപ്പം സാമൂഹ്യമാറ്റത്തിന് പരിശ്രമിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യക്ഷേമ സംരംഭങ്ങള്‍ക്കും ശക്തിപകരണം കോടിയേരി പറഞ്ഞു.

Loading...
Loading...
Top