മഞ്ഞു പെയ്യുന്ന കൊടികുത്തി മലയിലേക്ക് ഒരു യാത്ര പോയാലോ ; മലപ്പുറത്തിന്റെ ഊട്ടി കാണാന്‍ സന്ദര്‍ശന പ്രവാഹം

കാര്യമായ പണി ഒന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് കൊടികുത്തിമലയിലേക്ക് പോയാലോ എന്ന ഐഡിയ ഉദിക്കുന്നത് .വിഷയം സുഹൃത്തുക്കളായ റമീസിനോടും അമീനോടും അവതരിപ്പിച്ചു .നാളെ രാവിലെ അഞ്ചു മണിക്ക് പോവാം എന്ന തീരുമാനത്തിൽ രാത്രി പിരിഞ്ഞു .രാവിലെ 4 .45 നു തന്നെ ഒരു നാണവും മാനവും ഇല്ലാതെ അലാറം അടിച്ചു .പതിവ് പോലെ അലാറം ഓഫാക്കി എണീറ്റ ആരെങ്കിലും വിളിക്കട്ടെ എന്ന തീരുമാനത്തിൽ വീണ്ടും കിടന്നുറങ്ങി . അഞ്ച് മണി ആയപ്പോൾ അമീൻ വിളിച്ചു ഇറങ്ങാൻ പറഞ്ഞു .റമീസ് ഫോൺ എടുക്കാതെ നൈസ് ആയി മുങ്ങി എന്നും പറഞ്ഞു .സ്‌കൂട്ടി എടുത്ത് രാവിലത്തെ തണുപ്പിനെ വകഞ്ഞു മാറ്റി ഒരു കത്തിക്കൽ അങ്ട് കത്തിച്ചു .പോകുന്ന വഴിയിൽ കരിങ്കല്ലത്താണിയിൽ നിന്നും ഒരു ബോട്ടിൽ വെള്ളം വാങ്ങി . 5.20 am ആയപ്പോഴേക്കും കൊടികുത്തിമലയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തി .


ഒരുപാട് തവണ കൊടികുത്തിമലയിൽ പോയിട്ടുണ്ടെങ്കിലും സൂര്യൻ ഉദിക്കുന്നതിനു മുന്നേ മല കയറുന്നത് ആദ്യമായാണ് .ഫോറസ്റ്റ് ജീപ്പ് കയറി പോവുന്ന കോൺക്രീറ്റ് വഴി ഒഴിവാക്കി പുൽമേടുകൾക്കിടയിലൂടെ ഉള്ള ഷോട്ട് കട്ട് വഴി മലകൾ കയറി ഇറങ്ങിയാണ് മല കയറിയത്.കൂടെ ഉള്ള അമീന് വഴികൾ അറിയാവുന്നത് കൊണ്ട് വഴി തെറ്റി പോവാതെ മല മുകളിൽ എത്തി .ആദ്യമായി പോവുന്നവർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ കോൺക്രീറ്റ് റോഡ് വഴി പോയില്ലെങ്കിൽ വഴി തെറ്റും എന്ന കാര്യം തീർച്ചയാണ് .

ഞങ്ങൾ അവിടെ എത്തുന്നതിനു മുന്നേ തന്നെ തിരൂരിലെയും പട്ടാമ്പിയിലെയും ഒരു ടീം അവിടെ സ്ഥാനം പിടിച്ചിരുന്നു .1600 ഓളം അടി ഉയരത്തിൽ ഉള്ള കോടികുത്തിമലയിൽ ഏത് കാലാവസ്ഥയിലും ഉള്ള തണുത്ത കാറ്റ് പ്രത്യേകതയാണ് .തണുത്ത കാറ്റിൽ കോട മഞ്ഞിനെ തഴുകുന്ന 70 ഏക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന പുൽമേടുകൾ പ്രധാന ആകർഷണമാണ് .കുന്നിൻ മുകളിലെ ഹിൽ സ്റ്റേഷൻ മല കയറി തളർന്നു വരുന്ന സഞ്ചാരികൾക്ക് ആശ്വാസമാണ് .കോട മഞ്ഞിറങ്ങുന്ന കാറ്റിൽ തിരമാലകളെ പോലെ നീങ്ങുന്ന പുൽമേടുകൾ ,അവയുടെ കുളിരേറ്റ് താഴ്ന്നിറങ്ങി ഒഴുകുന്ന മഴ മേഘങ്ങൾ ,മേഘങ്ങളെ തുളച്ചു പുറത്തു വരാൻ വെമ്പൽ കൊള്ളുന്ന സൂര്യ രശ്മികൾ ഏറെ മനോഹാരിത ഉണർത്തുന്ന കാഴ്ചയായിരുന്നു . ഹിൽ സ്റ്റേഷന്റെ മുകളിൽ കയറി കാല് താഴേക്കിട്ടിരുന്നാൽ കോട മഞ്ഞിൽ പുതഞ്ഞിരിക്കുന്ന മേഘ പാളികൾ തലയിലൂടെ ഈറനണിയിച്ചു തലോടി പോവുന്നത് മനസ്സിന് കുളിർമ നൽകുന്നതാണ് .മണിക്കൂറുകൾ മാറി മറിയുന്നത് നമ്മൾ അറിയുകയേ ഇല്ല .


ബ്രിട്ടീഷുകാർ സർവേയുടെ ഭാഗമായി മലയുടെ മുകളിൽ കൊടി നാട്ടി .അങ്ങനെയാണ് താഴേക്കോട് പഞ്ചായത്തിൽ പെടുന്ന ഈ സ്ഥലത്തിന് കൊടികുത്തി മല എന്ന പേര് വന്നത് .പെരിന്തൽമണ്ണയിൽ നിന്നും പാലക്കാട് റൂട്ടിൽ 6 കിലോമീറ്റർ സഞ്ചരിച്ചു അമ്മിനിക്കാട് എത്തിയാൽ ലെഫ്റ്റിലേക്ക് ഒരു 6 കിലോമീറ്റർ കൂടെ സഞ്ചരിച്ചാൽ കൊടികുത്തി മലയിൽ എത്താം .ധാരാളം ട്രെക്കിങ്ങ് സാധ്യതയുള്ള കൊടികുത്തിമല ഫോറസ്റ്റ് ഡിപ്പാർട്മെന്റിന് കീഴിലാണ് .ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള ചെറിയ അരുവിയും ചെക്ക് ഡാമും മറ്റൊരു പ്രധാന ആകർഷണമാണ് .

മല കയറുന്നത് പോലെ തന്നെ തിരിച്ചു ഇറങ്ങുന്നതും ശ്രമകരമാണ് .പത്ത് മണിയോടെ ഷോട്കട്ട് വഴികളിലൂടെ തന്നെ തിരിച്ചു ഇറങ്ങി .പുൽമേടുകളിലെ വലിയ പുല്ലുകളെ വകഞ്ഞു മാറ്റി വഴി ഉണ്ടാക്കി ആണ് തിരിച്ചു ഇറങ്ങിയത് . റോഡിലുടനീളം വേസ്റ്റ് ബിൻ സ്ഥാപിച്ചിട്ടും ഇറങ്ങുന്ന വഴികളിൽ എല്ലാം സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം നിരാശ നൽകുന്ന കാഴ്ചയാണ് .താഴെ എത്തിയപ്പോഴേക്കും നന്നായി വിശന്നിരുന്നു .താഴേക്കോട് നിന്ന് പൊറോട്ടയും മീൻ കറിയും കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത് .

Loading...
Loading...
Top