നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വനിതാ മതിൽ തീർത്ത് അബുദാബിയിലും പ്രവാസി വനിതകൾ;വീഡിയോ കാണാം

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിൽ നടത്തിയ വനിതാ മതിലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങളിലും വനിതാ മതിൽ സംഘടിപ്പിച്ചു.

അബുദാബി കേരളം സോഷ്യൽ സെന്ററിൽ വൈകിട്ട് ഏഴു മണിക്ക് സംഘടിപ്പിച്ച വനിതാമതിലിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.

അൻപത് ലക്ഷത്തിലധികം വനിതകളാണ് കേരളത്തിൽ സംഘടിപ്പിച്ച മതിലിൽ അണിനിരന്നത്.

വനിതകളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അധികമായപ്പോൾ പലയിടങ്ങളിലും മതിൽ എന്നത് കോട്ടയായി മാറുന്ന സ്ഥിതിയുണ്ടായി. സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിൽ തുല്യ അവകാശം എന്ന മുദ്രാവാക്യമാണ് വനിതാ മതിൽ മുന്നോട്ടു വച്ചത്. പ്രതിപക്ഷ പാർട്ടികളും എൻ.എസ്.എസ്.

അടക്കമുള്ള സംഘടനകളും വൻഎതിർപ്പുകൾ ഉയർത്തി മതിലിനെയും മതിൽ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളെയും അപഹസിച്ചപ്പോൾ അതിനെയെല്ലാം തൃണവല്ഗണിച്ചാണ്‌ ലക്ഷക്കണക്കിന് സ്ത്രീകൾ വനിതാ മതിലിൽ അണിനിരന്നത്. അബുദാബിയിൽ സംഘടിപ്പിച്ച അനുഭാവമതിലിൽ സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ജനപങ്കാളിത്തമാണ് ഉണ്ടായത്.

അബുദാബി കേരള സോഷ്യൽ സെന്ററിലെ മുതിർന്ന അംഗം എൺപത്തിരണ്ടു വയസ്സുള്ള കമ്മാടത്ത് ‘അമ്മ ആദ്യ കണ്ണിയായപ്പോൾ അവസാന കണ്ണിയായത് വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ ആയിരുന്നു. ഷമീന ഒമർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.

കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ഭാരവാഹികളായ ഷൈനി ബാലചന്ദ്രൻ, ഷെൽമ സുരേഷ്, അബുദാബി ശക്തി തീയറ്റേഴ്സ് വനിതാ വിഭാഗം പ്രവർത്തകരായ അനിതാ റഫീഖ്, ബിന്ദു ഷോബി, ഷിജിന കണ്ണൻ ദാസ്, പ്രിയ ബാലചന്ദ്രൻ തുടങ്ങിയവരും വനിതാ മതിലിൽ അണിചേർന്നു.

തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ ഷൈനി ബാലചന്ദ്രൻ, ശക്തി വനിതാ വിഭാഗം കൺവീനർ ഷെമീന ഒമർ, ശക്തി വനിതാ ജോയിന്റ് കൺവീനർ അനിത റഫീഖ്, ബിന്ദു ഷോബി, യുവകലാസാഹിതി പ്രതിനിധി രാഖി രഞ്ജിത്ത്, അൽ ഐൻ മലയാളി സമാജം പ്രതിനിധി റസിയ ഇഫ്തിക്കർ, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രവർത്തക സ്മിത ധനേഷ് എന്നിവർ സമ്മേളനത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

Loading...
Loading...
Top