‘മുനമ്പം വഴി ഓസ്ട്രേലിയ’: അത്ര എളുപ്പമോ ഈ കുടിയേറ്റം ? ഷിനോയ് ചന്ദ്രന്‍ എഴുതുന്നു

മുനമ്പത്തുനിന്ന്‌ 160 പേര്‍ മത്സ്യബന്ധന ബോട്ടില്‍ ആസ്ത്രേലിയക്ക് കടന്നതായി വാര്‍ത്തകള്‍ വരുന്നു.ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എന്തൊക്കെ സംഭവിക്കാം?. ഇവര്‍ ആസ്ത്രേലിയയില്‍ എത്തിയാല്‍ അവിടെ അവര്‍ക്ക് ജീവിയ്ക്കാനാകുമോ?…ആസ്ത്രേലിയയില്‍ നിന്ന് ഷിനോയ് ചന്ദ്രന്‍ എഴുതുന്നു


മാധ്യമങ്ങൾ എഴുതുന്നതുപോലെ ആസ്ത്രേലിയയിൽ  എത്തിയാൽ ഉടനെ തന്നെ ആർക്കും വിസ ലഭിക്കില്ല .ഏറ്റവും വലിയ ആദ്യ കടമ്പ ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്തു മൽസ്യബന്ധന ബോട്ടുകളിൽ സുരക്ഷിതമായി ഓസ്‌ട്രേലിയൻ അതിർത്തിയിൽ എത്തുക എന്നുള്ളതാണ്. മുനമ്പത്തു നിന്ന് ഏഴായിരത്തി അഞ്ഞൂറിലേറെ  കിലോമീറ്ററുകൾ കടൽ താണ്ടിയാൽ മാത്രമേ ആസ്‌ട്രേലിയൻ തീരത്ത് എത്താൻ കഴിയൂ.

മനുഷ്യക്കടത്തു നടത്തുന്ന ഏജൻസികൾ വലിയ തുക ഓരോരുത്തരുടെയും കയ്യിൽ നിന്നും വാങ്ങുന്നുണ്ട്‌. ബോട്ട് ഓടിക്കാൻ കഴിയുന്നവരുടെ കൂടെ  കൂട്ടി  ആസ്ത്രേലിയയില്‍എത്തിയാൽ അഭയാർത്ഥി വിസ കിട്ടും എന്നാണ്‌ അവർ  വിശ്വസിപ്പിക്കുന്നത്‌.  ഏതെങ്കിലും മൽസ്യബന്ധന ബോട്ട് വിലക്ക് വാങ്ങി ഇവര്‍ പുറപ്പെടും. അത്തരം ബോട്ടുകൾ പ്രക്ഷുബ്ധമായ കടലിലൂടെ, പല രാജ്യങ്ങളിലെ നാവിക/വ്യോമ സേന സുരക്ഷാ കണ്ണുകളിൽ പെടാതെ ആസ്ത്രേലിയൻ  തീരത്ത്‌ എത്തുക എന്നത് ചെറിയ കാര്യമല്ല. പലപ്പോഴും  ബോട്ടുകൾ തകർന്ന്‍ എല്ലാവരും കൊല്ലപ്പെടുന്ന സ്ഥിതി  ഉണ്ടായിട്ടുണ്ട് .അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തെ ജയിലറകളില്‍ എത്തിപ്പെട്ടെന്നും വരാം. വരുന്നവഴിയിൽ അവരെ തിരിച്ചയക്കാനും സാധ്യത ഏറെയാണ്.

സാധാരണയായി  മനുഷ്യക്കടത്തു നടത്തുന്നവർ  ബോട്ടുകൾ ആസ്‌ത്രേലിയൻ അതിർത്തിക്കുള്ളിൽ  എത്തിക്കഴിഞ്ഞാൽ കയ്യിലുള്ള എല്ലാ രേഖകളും പാസ്സ്പോർട്ടും നശിപ്പിച്ചു കളയാൻ നിർദ്ദേശം കൊടുക്കാറുണ്ട് .ഇവിടെ വന്നാൽ അഭയാർത്ഥികൾ ആവാൻ അതാണ് എളുപ്പം എന്ന് ധരിപ്പിച്ചാണ് ഇങ്ങനെ ചെയ്യിക്കാറുള്ളത്‌ . തിരിച്ചുപോരേണ്ടിവന്നാൽ ഇങ്ങനെ ചെയ്തവര്‍  കൂടുതല്‍  ബുദ്ധിമുട്ടിലാടാകും. 

ഇതെല്ലാം തരണം ചെയ്ത്  ആസ്ത്രേലിയൻ അതിര്‍ത്തിയില്‍ എത്തിയാൽ ഓസ്ട്രേലിയൻ നാവികസേനയോ വ്യോമസേനയോ ഇവരെ കണ്ടു പിടിക്കും. ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ വരവ് സംബന്ധിച്ച വ്യവസ്ഥ( Protocol against the Smuggling of Migrants by Land, Sea and Air)കളില്‍ ഒപ്പുവെച്ച രാജ്യമാണ് ആസ്ത്രേലിയ.കുടിയേറ്റംസംബന്ധിച്ച് 1958ല്‍ നിലവില്‍വന്ന നിയമവും അവിടെയുണ്ട്.ഇതെല്ലാം അടിസ്ഥാനമാക്കിയാണ് അവര്‍ ഇത്തരം അഭയാര്‍ത്ഥികളെ നേരിടുക. അഭയാർത്ഥികൾ ആയി വരുന്നവരെ ആദ്യം  ഇതിനുവേണ്ടിയുള്ള പ്രത്യേകതടവിൽ പാർപ്പിക്കും (detention centres). ഇത്തരം എട്ട് കേന്ദ്രങ്ങളെങ്കിലും ആസ്ത്രേലിയന്‍ വന്‍ കരയിലുണ്ട്.

ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍പിച്ചശേഷം ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിക്കും.  ഓസ്ട്രേലിയൻ  അഭയാർത്ഥി ആവാനുള്ള അടിസ്ഥാന യോഗ്യത ഉണ്ടോ എന്ന പരിശോധനയാണ് ഇതിൽ ആദ്യം. അന്താരാഷ്ട്ര നിയമപ്രകാരം അഭയാർത്ഥി  വിസ ലഭിക്കാൻ ജീവന് സ്വരാജ്യത്തു ഭീഷണി , യുദ്ധം , മറ്റുള്ള കലാപങ്ങൾ എന്നിവ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയൊക്കെ തെളിയിക്കപ്പെടണം .അല്ലെങ്കിൽ അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും . 

ഈ പരിശോധന തീരാൻ വർഷങ്ങൾ എടുത്തേക്കാം. അതുവരെ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടി വരും . ഈ കടമ്പ പൂർത്തിയാക്കുന്നവർ വളരെ കുറവാണ്. അതിനുശേഷം മെഡിക്കൽ പരിശോധനകൾ ആണ്.കാര്യമായ അസുഖം ഉള്ളവരെ അഭയാർത്ഥികൾ ആയി സ്വീകരിക്കില്ല .

ഇത്രയും കടമ്പകൾ കടന്നു കഴിഞ്ഞാൽ മാത്രമെ അവർക്കു ഓസ്ട്രേലിയയിൽ നിയമപരമായി കഴിയാനുള്ള വിസ കിട്ടുകയുള്ളൂ. ഇതൊന്നും മനുഷ്യക്കടത്തു നടത്തുന്നവർ പറയില്ല. അവർക്ക് പണം ആണ്‌  പ്രധാനം.

പിൻകുറിപ്പ് : സ്വന്തം രാജ്യത്ത് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണല്ലോ അഭയാർത്ഥികൾ ആയി പോവുന്നത് .അതിനാൽ ഓസ്‌ട്രേലിയ വിസ കിട്ടിയാൽ പിന്നീട്‌  സ്വന്തം രാജ്യത്ത് ബന്ധുക്കളെ കാണാനോ മറ്റ് ആവശ്യങ്ങൾക്കോ തിരിച്ചു വരാനും പറ്റില്ല.
Read more: http://www.deshabhimani.com/articles/australian-migration/776241

Loading...
Loading...
Top