ബംഗാളിനെപ്പറ്റി പറഞ്ഞത്‌ തമാശ മാത്രം, യാഥാർത്ഥ്യം അതല്ലെന്ന്‌ വായിച്ചറിഞ്ഞു ‐ ശ്രീനിവാസൻ

ഇടതുഭരണത്തിനുശേഷം പശ്‌ചിമബംഗാളിൽ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിലായെന്ന്‌ മനസ്സിലാക്കുന്നുവെന്ന്‌ ശ്രീനിവാസൻ. തിരക്കഥ എഴുതിയ “ഞാൻ പ്രകാശൻ’ സിനിമയിൽ ബംഗാളിൽ ഭരണം മാറിയതുകൊണ്ട്‌ സ്ഥിതിഗതികൾ കൂടുതൽ നന്നായി എന്നത്‌ ചെറിയൊരു തമാശ സംഭാഷണം മാത്രമായിരുന്നെന്നും “ദ ഹിന്ദു’ പത്രത്തിന് നിൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു.

“ബംഗാളികളുടെ ജീവിതം ഇപ്പോഴത്തെ ഭരണത്തിൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണെന്ന്‌ പലയിടത്തും വായിക്കുകയുണ്ടായി. രാഷ്‌ട്രീയമായി കൃത്യമായ ഒരു അഭിപ്രായമല്ല സിനിമയിൽ പറഞ്ഞത്‌. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള തമാശ മാത്രമായിരുന്നു അത്‌’-‐ ശ്രീനിവാസൻ പറഞ്ഞു.

വിനീതിന്‌ പിറകെ ധ്യാനും സംവിധാനത്തിലേക്ക്‌ കടക്കുമ്പോൾ തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടില്ലേയെന്ന്‌ ചോദിച്ചപ്പോൾ “അവർ എന്നോട്‌ ഇതുവരെ തിരക്കഥ എഴുതാൻ പറഞ്ഞിട്ടില്ല, കാലഹരണപ്പെട്ടതായി തോന്നിയതുകൊണ്ടാകാം’ എന്നായിരുന്നു മറുപടി.

ഫഹദിന്റെ അഭിനയം കാണുമ്പോൾ മോഹൻലാലിനെ ഓർമവരുന്നതായി സത്യൻ അന്തിക്കാട്‌ പറഞ്ഞിരുന്നു. അങ്ങനെ തോന്നിയിട്ടുണ്ടോ?

അത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്‌. ഫഹദിന്റെ അഭിനയം മറ്റാരുടേതെങ്കിലുമായി താരതമ്യം ചെയ്യാവുന്നതായി തോന്നിയിട്ടില്ല. നമുക്ക്‌ വളരെ അടുപ്പമുള്ളവരെയാണ്‌ അങ്ങനെ താരതമ്യം ചെയ്യുക. അദ്ദേഹത്തിന്‌ അങ്ങനെയുള്ള നടന്മാരായതുകൊണ്ടാകാം അത്തരത്തിൽ താരതമ്യം നടത്തിയത്‌.

പത്മശ്രീ ഡോ. ഭരത്‌ സരോജ്‌ കുമാർ എന്ന സിനിമ ചില സുഹൃത്തുക്കൾക്കെങ്കിലും ഇഷ്‌ടപ്പെടാതിരുന്നിട്ടുണ്ട്‌. ആ സിനിമ ചെയ്‌തതിൽ കുറ്റബോധം തോന്നിയിട്ടുണ്ടോ?

ഏതെങ്കിലുമൊരു വ്യക്തിയെ മോശമാക്കിക്കാണിക്കാനാണ്‌ ആ സിനിമയെന്നത്‌ ശരിയായ അഭിപ്രായമല്ല. അതെന്റെ ലക്ഷ്യവുമല്ല. ഒരു സിനിമ എന്ത്‌ ഫലമാണ്‌ തരിക എന്നതും എനിക്ക്‌ പറയാൻ കഴിയില്ല. ശ്രീനിവാസൻ പറഞ്ഞു.

(ദ ഹിന്ദുവിൽ നിന്ന്‌)

Loading...
Loading...
Top