കൊല്‍ക്കത്തയില്‍ സിബിഐയും പൊലീസ‌ും നേര്‍ക്കുനേര്‍; കേന്ദ്രത്തിന്‌ പ്രതികാരമെന്ന്‌ മമത

അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ‌് പിടികൂടിയത‌് രാജ്യത്ത‌് ആദ്യ സംഭവം. മോഡി സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച‌് പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന‌് ആരോപിച്ചാണ‌് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ സര്‍ക്കാരിന്റെ നടപടി. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേ ക്ക‌് നയിച്ച സംഭവം ഭരണഘടനാപ്രശ‌്നമായി മാറിക്കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ സംസ്ഥാനത്ത‌് സിബിഐ റെയ്ഡോ അന്വേഷണമോ നടത്തേണ്ടെന്ന് ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സര്‍ക്കാരാണ‌് ആദ്യം പ്രഖ്യാപിച്ചത‌്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച‌് രാഷ്ട്രീയ പകപോക്കല്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചാണ‌് ആന്ധ്ര സര്‍ക്കാര്‍ 2018 നവംബര്‍ എട്ടിന‌് സിബിഐയെ സംസ്ഥാനത്ത‌് വിലക്കിയത‌്.

ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സിബിഐക്ക‌് മറ്റ‌് സംസ്ഥാനത്ത‌് പ്രവര്‍ത്തിക്കുന്നതിന‌് അനുമതി ആവശ്യമാണ‌്. മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്താന്‍ അതത് സര്‍ക്കാരുകളുടെ പൊതുസമ്മതം (ജനറല്‍ കണ്‍സെന്റ്) വേണം. ഇതാണ് ആന്ധ്ര, ബംഗാള്‍ സര്‍ക്കാരുകള്‍ ഒഴിവാക്കിയത‌്. ഇതോടെ സാങ്കേതികമായി സിബിഐ ഉദ്യോഗസ്ഥര്‍ക്ക‌് ഈ രണ്ടു സംസ്ഥാനത്തിലും ഒരു ഔദ്യോഗിക അധികാരവും ഇല്ല. അതിനാല്‍, റെയ്ഡ് നടത്താനും ഔദ്യോഗികാവശ്യത്തിന് എത്താനുമൊക്കെ സിബിഐക്ക‌് ഈ സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണം. ആ സാധ്യത ഉപയോഗിച്ചാണ‌് കൊല്‍ക്കത്തയില്‍ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ‌് തടഞ്ഞതും പിടികൂടിയതും.

Loading...
Loading...
Top