കുട്ടികളുടെ സ്കൂള്‍ ​ഗ്രൗണ്ട് ​ഗോശാലയാക്കാന്‍ ഉത്തരവ്; ഉത്തര്‍പ്രദേശ് യോഗി ബിജെപി സര്‍ക്കാരിനെതിരെ സ്കൂള്‍ അധികൃതര്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. ബല്‍റാംപൂരിലെ ഫസല്‍-ഇ-റഹ്മാനിയ ഇന്റര്‍കോളേജ് സ്‌കൂളിലെ ​ഗ്രൗണ്ടാണ് ഗോശാല നിര്‍മ്മിക്കുന്നതിനുവേണ്ടി അധികൃതര്‍ ഉത്തരവിട്ടത്. ഇതോടെ സ്കൂള്‍ അധികൃതര്‍ പ്രധിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു. 40 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം വിട്ടുനല്‍കില്ലെന്നും ​ഗോശാല നിര്‍മ്മിച്ചാല്‍ കേസെടുക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്കൂളിന്റെ 2.5 ഏക്കര്‍ വരുന്ന ​ഗ്രൗണ്ടാണ് ​ഗോശാലയാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. അതേ സമയം ​ഗോശാല നിര്‍മ്മിക്കാന്‍ പോകുന്ന വിവരം സ്കൂളില്‍ അറിയിച്ചിട്ടില്ലെന്നും നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മുഹമ്മദ് മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരി സ്കൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് വിദ്യാര്‍ത്ഥികളുടെ പ്രകടനം കണ്ടാണ് അദ്ദേഹം ഭൂമി നല്‍കിയത്. 40 വര്‍ഷത്തോളമായി ​ഗ്രൗണ്ട് ഉപയോ​ഗിക്കുന്നുണ്ട്. അത് സംബന്ധിച്ച രേഖകളും കൈവശം ഉണ്ട്; മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു. ഏകദേശം 1,500 ഓളം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ടെന്നും ഗോശാലകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ അവരുടെ കളിസ്ഥലമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ ഭൂമി ​ഗ്രമസഭയുടെതാണെന്ന വാദവുമായി പച്ച്‌പെര്‍വാ ‌പ്രദേശത്തെ ഗ്രാമ ലേഖ്പാലായ രമേഷ് ചന്ദ്ര രം​ഗത്തെത്തി. ഭുമി നല്‍കിയില്ലെങ്കില്‍ സ്കൂളിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്കൂളിന്റെതല്ല ഗ്രൗണ്ടെന്ന് തുള്‍സിപൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിശാല്‍ യാദവ് പറഞ്ഞു. തരിശായി കിടന്ന ഭൂമി കുട്ടികള്‍ കളിസ്ഥലമായി ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ഗ്രമത്തില്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റ് നിരവധി ഭൂമികള്‍ ഉണ്ട്. അധികൃതര്‍ എന്തുകൊണ്ടാണ് അവ തെരഞ്ഞെടുക്കാതെ കുട്ടികളുടെ കളിസ്ഥലം ഗോശാല നിര്‍മ്മിക്കാന്‍ തെരഞ്ഞെടുക്കാത്തത്. സ്‌പോര്‍ട്‌സില്‍ അവഗാഹമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അടുത്തിടെയായി ഉത്തര്‍പ്രദേശിനെ പ്രധിനിധീകരിച്ചുകെണ്ട് സംസ്ഥാന സ്പേര്‍ട്സ് മീറ്റില്‍ കുട്ടകള്‍ പങ്കെടുത്തിരുന്നു. എന്തിന് വേണ്ടിയാണ് ഇവരുടെ കഴിവുകള്‍ ഇല്ലാതാക്കള്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്- സ്‌കൂള്‍ മാനേജര്‍ ഷരിഖ് റിസ്വി പറഞ്ഞു.

Loading...
Loading...
Top