“ഈ മുഖ്യമന്ത്രിക്കൊരു ഒരു വോട്ടിടാൻ ഈ ജന്മം കഴിഞ്ഞെങ്കിൽ എന്നതാണെന്‍റെ അന്ത്യാഭിലാഷം‍.” പിണറായിയെ കുറിച്ചുള്ള കോണ്‍ഗ്രസ്സ് അനുഭാവിയായ വീട്ടമ്മയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലായി :


മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് കൊല്ലം സ്വദേശിനിയും കോണ്‍ഗ്രസ്സ് അനുഭാവിയുമായ ഒരു വീട്ടമ്മ ഫെയ്സ്ബുക്കില്‍ എ‍ഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ‍സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. രാജ്യം താമ്രപത്രം നൽകി ആദരിച്ച സ്വതന്ത്രസമര സേനാനിയും സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന ഒരച്ചന്‍റെ മകളാണ് താനെന്ന മുഖവുരയോടെയാണ് ജയകുമാരി പിണറായി വിജയനെന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തന്‍റെ അനുഭവങ്ങളിലൂടെ അന്ത്യാഭിലാഷം എന്ന പേരില്‍ പകര്‍ത്തി എ‍ഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച തനിക്ക് വിവാഹ ശേഷം പോലും ആ നിലപാടില്‍ നിന്ന് പിറകോട്ട് പോകാന്‍ സാധിക്കാത്ത അത്രക്ക് സ്വാധീനമായിരുന്നു അച്ചന്‍റെ പ്രസ്ഥാനത്തോടെന്നു പങ്കുവെക്കുന്ന ജയകുമാരി പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളോടെല്ലാം സ്വയം മടുപ്പ് തോന്നി വോട്ട് പോലും ചെയ്യാത്ത മാനസികാവസ്ഥയിലായതായും പങ്കുവെക്കുന്നു. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനടക്കമുള്ള അപൂര്‍വ്വം നേതാക്കളോട് മാത്രമാണ് പിന്നീട് ആദര് തോന്നിയിരുന്നതെന്നും എന്നാല്‍ കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തെ തുടര്‍ന്നാണ് എല്ലാവരും വിറങ്ങലിച്ചു നിന്ന ഘട്ടത്തിലാണ് പിണറായി വിജയനെന്ന നേതാവിനേയും മുഖ്യമന്ത്രിയേയും ശ്രദ്ധിച്ച് തുടങ്ങിയതെന്നും കുടുംബത്തിലെ അച്ഛൻ മക്കളെ ചേർത്തു പിടിച്ചിട്ട് പറയാറില്ലെ; വിഷമിക്കേണ്ട, എല്ലാം നമുക്കങ്ങ് ശരിയാക്കാമെന്ന്. മുഖ്യമന്ത്രിയുടെ ആ വാക്കുകൾ ഒരുപാട് ജനങ്ങൾക്ക് അന്ന് ആത്മവിശ്വാസം നല്‍കിയതായും ആ ഘട്ടത്തിലാണ് ഈ കേരളത്തിനൊരു നാഥനുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞതെന്നും ജയകുമാരി പറയുന്നു.

പ്രളയത്തെ അടയാളപ്പെടുത്തി തന്നെ ഇപ്പോള്‍ നടക്കുന്ന ശബരിമല വിവാദത്തെ കുറിച്ചും ജയകുമാരി വിമര്‍ശിക്കുന്നുണ്ട്. അന്ന് ജാതിയില്ല. മതമില്ല. തൊട്ടുകൂടായ്കയില്ല. തീണ്ടികൂടായ്കയില്ല. ആർത്തവവുമില്ല. ഒത്തിരി സ്ത്രീകളുടെ ആർത്തവ രക്തം കലർന്നാണ് പ്രളയം താണ്ഡവനൃത്തമാടിയത്. ആ വെള്ളത്തിൽ കിടന്ന് മിക്ക ദൈവങ്ങളും മനുഷ്യരും ജീവജാലങ്ങളും കുളിച്ചു കയറി. കുടിച്ചിറക്കി…
പക്ഷേ, ആളുകളൊക്കെ എത്ര പെട്ടെന്നാണ് മാറിപ്പോയത്? എല്ലാം മറന്നത്? ഇവർക്കൊക്ക എങ്ങനെയാണ് പണ്ടത്തേതിലും ഭംഗിയായി തമ്മിലടിക്കാൻ കഴിയുന്നത്? എന്ന ജയകുമാരിയുടെ ചോദ്യം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ശബരിമല കോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ കലാപ സമാനമായ സാഹചര്യം ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ ശ്രദ്ധ കൊണ്ടു വരുന്ന ജയകുമാരി മുഖ്യമന്ത്രിയുടെ ദൃഡനിശ്ചയത്തേയും പറയുന്ന വാക്കുകള്‍ മാറ്റിപ്പറയാത്ത ഉറച്ച നിലപാടിനേയും എടുത്ത് പറഞ്ഞ് നിരവധി മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും കീ‍ഴില്‍ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്ത തന്‍റെ അനുഭവം വെച്ച് ഒരു രാഷ്ട്രീയക്കാരന്‍റെ കാപട്യമില്ലാത്ത ഏക നേതാവിനെ പിണറായി വിജയനില്‍ മാത്രമാണ് തനിക്ക് കാണാനായതെന്നും ഒരു ഭരണാധികാരിയെ നേരിട്ടനുഭവിക്കാനായ ഒരു എളിയ സ്ത്രീ എന്ന നിലയില്‍ ഈ മുഖ്യമന്ത്രിക്കൊരു വോട്ട് ചെയ്യുക എന്നതാണ് തന്‍റെ അന്ത്യാഭിലാഷം എന്നു കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ജയകുമാരിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം :

അന്ത്യാഭിലാഷം

ഞാൻ ജനിച്ചത് ഒരു കോൺഗ്രസുകാരന്റെ മകളായിട്ടാണ്. അതിലുപരി രാജ്യം താമ്രപത്രം നൽകി ബഹുമാനിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകൾ. എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛൻ ഖദറുടുത്ത് കോൺഗ്രസിന്റെ വക്താവായി സമരങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കദനകഥകൾ അച്ഛൻ പറഞ്ഞുകേട്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടു തന്നെ മഹാത്മജിയും നെഹ്റുവും സുബാഷ് ചന്ദ്രബോസുമൊക്കെ എന്റെ ആരാധനാപാത്രങ്ങളായിരുന്നു. ഞാൻ ആദ്യമായി വോട്ടിടാൻ പോയിട്ടുള്ളത് കോൺഗ്രസിന് വേണ്ടിയാണ്. അത്രയ്ക്ക് സ്വാധീനമായിരുന്നു എനിക്ക് ആ പ്രസ്ഥാനത്തോട്.

എന്റെ ഭർത്താവ് ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. പക്ഷേ, ഒരിക്കൽ പോലും എന്നെ അതിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഒരുമിച്ച് വോട്ടിടാൻ പോകുമ്പോൾ, ഞങ്ങൾ രണ്ട് പാർട്ടിക്ക് വോട്ടിട്ടാണ് മടങ്ങി വരുക. അതിനർത്ഥം അദ്ദേഹം എല്ലാവരേയും ബഹുമാനിച്ചിരുന്നു എന്നതാണ്. ഭാര്യയാണല്ലോ എന്ന അധികാരം ഉപയോഗിച്ച്‌ അനുസരിപ്പിക്കുന്ന പുരുഷന്മാരെ മിക്ക കുടുംബങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. പെണ്ണിനെ ഒരു നാലാം തരക്കാരിയാക്കി ചിത്രീകരിച്ച് അവളുടെ ചിന്തകളെപ്പോലും വ്യഭിചരിക്കുന്നവർ. (അതിനുദാഹരണം ഈയ്യിടെ ഞാൻ ഒത്തിരി കണ്ടു. )

കാലം കടന്നു പോകവേ, ഒരു രാഷ്ട്രീയപ്പാർട്ടിയിലും വിശ്വസിക്കാത്തവളായി ഞാൻ മാറി. വോട്ടിടാൻ പോകില്ല. വോട്ടിടാൻ വരുന്നില്ല എന്നു ഞാൻ പറയുമ്പോൾ മോഹൻ എന്നെ നോക്കി പുഞ്ചിരിക്കും. മിക്ക രാഷ്ട്രീയക്കാരെയും എനിക്ക് കണ്ടുകൂടാ. വിരലിലെണ്ണാവുന്ന ചിലരെ മാത്രമേ ഞാൻ ബഹുമാനിച്ചിട്ടുള്ളൂ. പക്ഷേ, പ്രളയം വന്നപ്പോഴാണ് ഈ കേരളത്തിൽ ഒരു നാഥനുണ്ടെന്ന് ഞാൻ മനസിലാക്കിയത്. കുടുംബത്തിലെ അച്ഛൻ മക്കളെ ചേർത്തു പിടിച്ചിട്ട് പറയാറില്ലെ; വിഷമിക്കേണ്ട, എല്ലാം നമുക്കങ്ങ് ശരിയാക്കാമെന്ന്. ആ വാക്കുകൾ ഒരുപാട് ജനങ്ങൾക്ക് ആത്മവിശ്വാസമായി. ജാതിഭേദമന്യോ സ്ത്രീ പുരുഷഭേദമന്യോ മനുഷ്യരെല്ലാം ഒന്നാകുന്ന കാഴ്ചയാണ് കണ്ടത്. പ്രകൃതിയും ദൈവങ്ങളും എല്ലാം ചേർന്ന് ഒരിക്കലും പാഠങ്ങൾ പഠിക്കാത്ത നമ്മൾ മനുഷ്യർക്കുവേണ്ടി ഒരു പ്രളയമുണ്ടാക്കി… ഒത്തൊരുമയോടെ ജീവിക്കാൻ…. അന്ന് ജാതിയില്ല. മതമില്ല. തൊട്ടുകൂടായ്കയില്ല. തീണ്ടികൂടായ്കയില്ല. ആർത്തവവുമില്ല. ഒത്തിരി സ്ത്രീകളുടെ ആർത്തവ രക്തം കലർന്നാണ് പ്രളയം താണ്ഡവനൃത്തമാടിയത്. ആ വെള്ളത്തിൽ കിടന്ന് മിക്ക ദൈവങ്ങളും മനുഷ്യരും ജീവജാലങ്ങളും കുളിച്ചു കയറി. കുടിച്ചിറക്കി. അപ്പോഴാണ് മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞത്. ജീവന്റെ വില അന്നാണ് ബോധ്യപ്പെട്ടത്. നാണം മറയ്ക്കാൻ ഒരു തുണ്ട് തുണിക്കുവേണ്ടി…വിശപ്പിന് എന്തെങ്കിലും മതി എന്നായി….

പ്രളയത്തിൽ പെടാതിരുന്ന എനിക്ക് ഇന്നും അമ്പരപ്പ് മാറിയിട്ടില്ല. ഇനിയും എന്നാണ് ഇങ്ങനെയൊരു പ്രകൃതിദുരന്തം വരുക എന്ന ഭയത്തോടെയാണ് ഓരോ ദിനവും ഞാൻ ഉണരുക.! പക്ഷേ, ആളുകളൊക്കെ എത്ര പെട്ടെന്നാണ് മാറിപ്പോയത്? എല്ലാം മറന്നത്? ഇവർക്കൊക്ക എങ്ങനെയാണ് പണ്ടത്തേതിലും ഭംഗിയായി തമ്മിലടിക്കാൻ കഴിയുന്നത്?
ഒന്നുമറിയാത്ത ദൈവങ്ങളുടെ പേരിൽ കള്ളക്കഥകൾ മെനഞ്ഞ് പാവപ്പെട്ടവരെ പലതും പറഞ്ഞു പറ്റിച്ച് അവരെ പിഴിഞ്ഞൂറ്റിയെടുത്ത കാശുകൊണ്ട് സുഖജീവിതം നയിക്കുക….. നാണമില്ലെ ഇവറ്റകൾക്ക് ! ഒരുളുപ്പുമില്ലാത്ത കുറെ മനുഷ്യർ ! പോരാഞ്ഞ് ആ പാവപ്പെട്ട ആളുകളെക്കൊണ്ടുതന്നെ കലാപങ്ങളുണ്ടാക്കിക്കുക …! സ്ത്രീകളായ പത്രപ്രവർത്തകരെപ്പോലും പിടിച്ചിറക്കി തല്ലിച്ചതയ്ക്കുക, തീയിട്ടാലും വേവാത്ത ചീത്ത വിളിക്കുക, പരമോന്നത കോടതിയെ തെറി പറയുക….. എന്തൊക്കെയായിരുന്നു കാഴ്ചകൾ!

കുറെ ദിവസം ആയുർവേദ ആശുപത്രിയിൽ ചികിൽസയിലായിരുന്നതുകൊണ്ട് മുഴുവൻ സമയവും ടി വി കാഴ്ചകൾ ലൈവായി കണ്ടു. ഇതൊരു ദുരന്തംതന്നെയാണ്. പക്ഷേ, അവിടെയും സ്ത്രീകളെ ബഹുമാനിക്കുന്ന – ഭരണഘടനയെ ബഹുമാനിക്കുന്ന – നീതിന്യായ വ്യവസ്ഥയെ ആദരിക്കുന്ന ഒരു നേതാവിനെ ഞാൻ വീണ്ടും കണ്ടു. ശക്തമായ നിലപാടുകൾ. വാക്കുകൾ മാറ്റിപ്പറയില്ല. വളരെ ചിന്തിച്ചു മാത്രമേ പെരുമാറുകയുള്ളൂ. ക്ഷമയും സമാധാനവും മുഖമുദ്ര. ഇന്നലെയാണ് അദ്ദേഹത്തിന്റെ ഒരു നീണ്ട പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നത്. ആദ്യാവസാനംവരെ ഞാനത് കേട്ടിരുന്നു. പക്വതയാർന്ന ഒരു യഥാർത്ഥ അധ്യാപകന്റെ ക്ലാസ് നന്നായി ശ്രദ്ധിക്കുന്ന ഒരു കുട്ടിയാണ് ഞാനെന്ന് എനിക്ക് തോന്നി. എത്ര ശാന്തതയാണ് ആ പ്രസംഗം എന്നിലുണ്ടാക്കിയത്…? എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ….സാവധാനം…വളരെ കൃത്യമായി… വിഷയത്തിന്റെ കാതൽ മാത്രം പറഞ്ഞു പോയ ആ രീതി! ആ തന്റേടം! ഉറച്ച പ്രതീക്ഷകൾ ! (ഒരു കാര്യത്തിൽ മാത്രം വിയോജിപ്പ്) സ്ത്രീകളെ എത്രമാത്രം കരുതലോടെ, ബഹുമാനിക്കുന്നു എന്നതുമാത്രം മതി എനിക്ക് അദ്ദേഹത്തെ ബഹുമാനിക്കാൻ….! ഒരു രാഷ്ട്രീയക്കാരന്റെ കാപട്യമേയില്ലാത്ത ശരീരഭാഷ. ഒരുപാട് മുഖ്യമന്ത്രിമാരേയും, മന്ത്രിമാരേയും ഒക്കെ സെക്രട്ടേറിയേറ്റിൽ ജീവനക്കാരി ആയിരുന്നപ്പോൾ നേരിട്ട് കണ്ടിട്ടുണ്ട്. നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കണ്ടു ഒരു നല്ല മുഖ്യമന്ത്രിയെ. ഒരു നല്ല ഭരണാധികാരിയെ. അതുകൊണ്ടുതന്നെ…. അതുകൊണ്ടു മാത്രം…. ഏറ്റവും എളിയ സ്ത്രീയായ എന്റെ അന്ത്യാഭിലാഷം….. മറ്റൊന്നുമല്ല; പിണറായി വിജയന് ഒരു വോട്ടിടാൻ ഈ ജന്മം കഴിഞ്ഞെങ്കിൽ!!!

Loading...
Loading...
Top