ലിറ്ററിന് പത്തുരൂപ നിരക്കില്‍ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന് ബിജെപി ഛത്തീസ്ഗഡ് സര്‍ക്കാര്‍

റായ്പുര്‍: കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ലിറ്ററിന് പത്തുരൂപ നിരക്കില്‍ ഗോമൂത്രം സംഭരിക്കണമെന്നാണ് ഗോ സേവാ ആയോഗ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പ്രായമായ പശുക്കളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്നത് തടയാനുള്ള ശ്രമത്തിന് ഭാഗമായാണ് നീക്കം.
ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 200 പശുക്കള്‍ പട്ടിണി കിടന്ന് ചത്ത സംഭവത്തിന് പിന്നാലെയാണ് ഗോ സേവാ ആയോഗ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വളവും കീടനാശിനിയും അടക്കമുള്ളവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ.
പത്തുരൂപയ്ക്ക് ഗോമൂത്രം ശേഖരിക്കാന്‍ തുടങ്ങിയാല്‍ കര്‍ഷകര്‍ സാമ്ബത്തിക നേട്ടത്തിനുവേണ്ടി പ്രായംചെന്ന പശുക്കളെയും സംരക്ഷിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഗോമൂത്രത്തിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ നല്‍കിയാല്‍തന്നെ കര്‍ഷകര്‍ പ്രായമായ പശുക്കളെ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍ വിശേഷര്‍ പട്ടേല്‍ പറഞ്ഞു.
200 പശുക്കള്‍ പട്ടിണികിടന്ന് ചത്ത സംഭവം ഛത്തീസ്ഗഡിലെ രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ ശുപാര്‍ശകളുമായി സര്‍ക്കാര്‍ സമിതിതന്നെ രംഗത്തെത്തിയിട്ടുള്ളത്. പാല്‍ ലഭിക്കാത്തതൂമൂലമാണ് കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top