‘ഞാന്‍ എന്നും അമ്മയെ കണ്ട് അനുഗ്രഹം തേടാറുണ്ട്’; മോദിയോട് കേജ്രിവാള്‍

ന്യൂഡല്‍ഹി• സ്വന്തം അമ്മയെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍. ഇന്നു രാവിലെ യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്ന മോദിയുടെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് കേജ്‍രിവാളിന്റെ വിമര്‍ശനം. താന്‍ തന്റെ അമ്മയെ എന്നു കാണാറുണ്ടെന്നും അത് പുറംലോകത്തോട് കൊട്ടിഘോഷിക്കാറില്ലെന്നും കേജ്‍രിവാള്‍ വ്യക്തമാക്കി.
മാതൃസംസ്ഥാനമായ ഗുജറാത്തിലാണ് മോദി ഇപ്പോഴുള്ളത്. അമ്മയെ കാണാന്‍ പോയതുമായി ബന്ധപ്പെട്ട് മോദിയുടെ ട്വീറ്റ് ഇങ്ങനെ: ഇന്ന്് യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയി. നേരം പുലരും മുന്‍പുതന്നെ അമ്മയ്ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.

അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍ സന്തോഷകരമായിരുന്നു.
അതേസമയം, സ്വന്തം അമ്മയെ കണ്ട വിവരം വലിയ ‘സംഭവമാക്കി’ ആഘോഷിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേജ്‍രിവാള്‍ ട്വിറ്ററിലൂടെത്തന്നെ പ്രതികരിച്ചു. ഒരുവന്‍ അവന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജീവിക്കണമെന്നാണ് വേദങ്ങള്‍ പറയുന്നത്. എന്റെ അമ്മ എനിക്കൊപ്പമുണ്ട്. എന്നും രാവിലെ ഞാന്‍ അമ്മയുടെ അനുഗ്രഹവും തേടാറുണ്ട്. പക്ഷേ, ഇക്കാര്യം ലോകത്തിനുമുന്നില്‍ കൊട്ടിഘോഷിക്കാറില്ലെന്നും കേജ്രിവാള്‍ പരിഹസിച്ചു.
മോദിയുടെ താമസസ്ഥലം ബൃഹത്താണെങ്കിലും അദ്ദേഹത്തിന്റെ ഹൃദയവും അത്തരത്തില്‍ വളരട്ടെയെന്നും കേജ്‍രിവാള്‍ ആശംസിച്ചു. സ്വന്തം അമ്മയെ രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കുന്ന മോദിയുടെ നിലപാടിനെയും കേജ്‍രിവാള്‍ വിമര്‍ശിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടി രാജ്യവ്യാപകമായി വിമര്‍ശന വിധേയമായപ്പോള്‍ 97 വയസ് പ്രായമുള്ള സ്വന്തം അമ്മയെ ഗാന്ധിനഗറിലെ ബാങ്കിനുമുന്നില്‍ ‘ക്യൂ’ നിര്‍ത്തി മോദി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചുവെന്ന് മുന്‍പും കേജ്‍രിവാള്‍ ആരോപിച്ചിരുന്നു.

Facebook Comments

Leave a Comment

Your email address will not be published. Required fields are marked *

*